പിണറായി 'ദരിദ്രനായ' മുഖ്യമന്ത്രി.. ഏറ്റവും കൂടുതല്‍ ആസ്തി ജഗന്; മുഖ്യമന്ത്രിമാരുടെ ആസ്തി പുറത്ത്
ന്യൂദല്‍ഹി: രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഇലക്ഷന്‍ വാച്ച്‌ഡോഗായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആസ്തി വിവരങ്ങള്‍ ശേഖരിച്ചത്. നിലവിലെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്‍മാരാണ് എന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തുടങ്ങിയവരാണ് ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രിമാര്‍. ആന്ധാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ജഗന്‍മോഹന്‍ റെഡ്ഡിക്ക് ആകെ 510 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത് എന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം സ്ഥാനത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവാണ്. ആകെ 163 കോടി രൂപയുടെ ആസ്തിയാണ് പെമ ഖണ്ഡുവിന് ഉള്ളത്. മൂന്നാം സ്ഥാനത്ത് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ആണ്. നവീനിന് ആകെ 63 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.
നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോയ്ക്ക് 47 കോടി രൂപയോളം ആസ്തിയുണ്ട്. പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് 39 കോടി രൂപയുടെ ആസ്തിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് 23 കോടി രൂപയുടെ ആസ്തിയും ആണ് ഉള്ളത്. അഞ്ച് മുഖ്യമന്ത്രിമാര്‍ക്കാണ് 10 കോടിയിലേറെ ആസ്തിയുള്ളത്. അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കാണ് ഏറ്റവും കുറവ് ആസ്തി.
ഏകദേശം 15 ലക്ഷം രൂപയാണ് മമതാ ബാനര്‍ജിയുടെ ആസ്തി. ഇതിന് തൊട്ടുമുകളില്‍ ആണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം. 1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാലിന് 1.27 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മൂന്ന് കോടി രൂപയിലധികം ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ആസ്തി വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഓരോ മുഖ്യമന്ത്രിക്കും ശരാശരി ആസ്തി 33.96 കോടി രൂപയാണ് എന്നാണ് എഡിആര്‍ പറയുന്നത്. 50 കോടിക്ക് മുകളില്‍ ആസ്തിയുള്ള 3 മുഖ്യമന്ത്രിമാരും 10 കോടിക്ക് താഴെ ആസ്തിയുള്ള 19 മുഖ്യമന്ത്രിമാരും ആണ് ഉള്ളത്. 30 മുഖ്യമന്ത്രിമാരില്‍ 13 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആണ് ഈ മുഖ്യമന്ത്രിമാര്‍ പ്രതിയായിട്ടുള്ളത്. ഗുരുതരമായ ഈ ക്രിമിനല്‍ കേസുകള്‍ അഞ്ച് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റങ്ങളാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications