അഖിലേഷ് വ്യാജ സോഷ്യലിസ്റ്റ്, ഗുജറാത്തിലെ കഴുതകളെന്ന് ഞങ്ങളെ മുമ്പ് വിളിച്ചവരാണ്, തുറന്നടിച്ച് മോദി
ദില്ലി: ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ട് പയ്യന്‍മാരുടെ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് നമ്മള്‍ അഞ്ച് വര്‍ഷം മുമ്പും കണ്ടതാണ്. ഇവര്‍ക്ക് മുതല്‍ക്കൂട്ടായുള്ളത് അഹങ്കാരമാണ്. ഗുജറാത്തില്‍ നിന്നുള്ള രണ്ട് കഴുതകളെന്നാണ് അവര്‍ എന്നെയും അമിത് ഷായെയും വിശേഷിപ്പിച്ചത്. ഉത്തര്‍പ്രദേശ് അവരെ ഒരു പാഠം പഠിപ്പിച്ചുവെന്നും മോദി പറഞ്ഞു. 2017ല്‍ എസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയതും രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ പ്രചാരണങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശ് ആദ്യ ഘട്ട തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ഒരുങ്ങുവേയാണ് മോദി അതിരൂക്ഷമായി എസ്പി സഖ്യത്തെ വിമര്‍ശിച്ചത്.

കഴിഞ്ഞ തവണ രണ്ട് കുട്ടികളുണ്ടായിരുന്നു തിരഞ്ഞെടുപ്പ് രംഗത്ത്. അവര്‍ക്കൊപ്പം മായാവതിയുമുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. അഖിലേഷ് യാദവ് വ്യാജ സോഷ്യലിസ്റ്റാണ്. ഇത് യഥാര്‍ത്ഥത്തില്‍ കുടുംബാധിപത്യത്തെ കുറിച്ചാണ് പറയുന്നത്. സോഷ്യലിസ്റ്റ് നേതാക്കളായ രാം മനോഹര്‍ ലോഹ്യ, ജോര്‍ജ് ഫെര്‍ണ്ടാസ് എന്നിവര്‍ എപ്പോഴെങ്കിലും കുടുംബപ്പേരിലാണോ ജീവിച്ചത്. ഇവര്‍ കുടുംബത്തെ രാഷ്ട്രീയത്തിലേക്ക് എപ്പോഴെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ? അഖിലേഷിന്റേത് വ്യാജ സോഷ്യലിസമാണ്. ലോഹ്യയുടെയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും കുടുംബത്തെ നിങ്ങള്‍ രാഷ്ട്രീയ കണ്ടിട്ടുണ്ടോ? ലോഹ്യ സോഷ്യലിസ്റ്റാണ്. ഫെര്‍ണാണ്ടസ് സമാജ് വാദിയാണ്. നിതീഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹവും സോഷ്യലിസ്റ്റാണ്. അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയത്തിലുണ്ടോയെന്നും മോദി ചോദിച്ചു.
എന്റെ കുടുംബം എന്ന ചിന്താണ് അഖിലേഷിന്റെ പാര്‍ട്ടിക്കുള്ളത്. എസ്പിയില്‍ 45 പേര്‍ അഖിലേഷിന്റെ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് ഒരാള്‍ എനിക്ക് കത്തയച്ചത്. ഇവര്‍ വിവിധ പദവികള്‍ കൈകാര്യം ചെയ്യുന്നു. 25 വയസ്സുള്ള അവരുടെ കുടുംബത്തില്‍ നിന്നുള്ള എല്ലാവര്‍ക്കും അവിടെ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കും. കുടുംബാധിപത്യ രാഷ്ട്രീയത്തില്‍ എല്ലാ പദവികളും ഒരു വ്യക്തിക്കായിരിക്കും. അയാള്‍ക്കല്ലെങ്കില്‍ മകനായിരിക്കും ആ പദവി ലഭിക്കുക. ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് ഈ കുടുംബാധിപത്യ രാഷ്ട്രീയം. പുതുതലമുറയെ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ അകറ്റുന്നതാണ് ഇത്തരം രാഷ്ട്രീയമെന്നും മോദി ആരോപിച്ചു.
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. തനിക്ക് പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത ഒരു വ്യക്തിക്ക് മറുപടി പറയാന്‍ താല്‍പര്യമില്ല. പാര്‍ലമെന്റില്‍ പോലും രാഹുല്‍ ഉണ്ടാവാറില്ലെന്നും മോദി പറഞ്ഞു. രാഹുല്‍ പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കാറുള്ളത്. പാര്‍ലമെന്റില്‍ അത്തരം കാര്യങ്ങളിലാണ് ഞാന്‍ സംസാരിക്കാറുള്ളത്. ചില വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ മറുപടി പറയേണ്ടി വരും. എന്നാല്‍ ഇവിടെ ആരോപണം ഉന്നയിച്ച വ്യക്തി കേള്‍ക്കാനോ സഭയില്‍ ഇരിക്കുകയോ ചെയ്യാത്ത വ്യക്തിയാണെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ പരസ്പരമുള്ള ചര്‍ച്ചകളിലാണ് വിശ്വസിക്കുന്നത്. ആരെയും കടന്നാക്രമിക്കാറില്ല. പാര്‍ലമെന്റില്‍ നടക്കുന്ന സംവാദങ്ങളെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.












Click it and Unblock the Notifications