പ്രധാനമന്ത്രി മോദി ഫ്രാൻസിൽ; എഐ ഉച്ചകോടിയിൽ ഇമ്മാനുവേൽ മാക്രോണിനൊപ്പം സഹ അധ്യക്ഷനാവും
പാരീസ്: ദ്വിദിന ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം എഐ ആക്ഷൻ ഉച്ചകോടിയുടെ മൂന്നാം പതിപ്പിൽ സഹ-അധ്യക്ഷനായി മോദി പങ്കെടുക്കും. എലിസ് പാലസിൽ പ്രസിഡന്റ് മാക്രോൺ നൽകുന്ന അത്താഴവിരുന്നിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. വിവിധ രാഷ്ട്രത്തലവന്മാരും വിരുന്നിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അത്താഴവിരുന്നിൽ സാങ്കേതിക മേഖലയിലെ സിഇഒമാരും ഉച്ചകോടിയിലെ മറ്റ് വിശിഷ്‌ട ക്ഷണിതാക്കളും പങ്കെടുത്തേക്കും. നാളെ പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിനൊപ്പം എഐ ആക്ഷൻ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും. ശേഷമായിരിക്കും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നടക്കുക. പിന്നീട് ഇവർ ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ബുധനാഴ്‌ച ഒന്നാം ലോകമഹായുദ്ധത്തിൽ ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രണ്ട് നേതാക്കൾ മാർസെയിലിലെ കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ പരിപാലിക്കുന്ന മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിക്കും. തുടർന്ന് ഇരുവരും മാർസെയിൽ ഇന്ത്യയുടെ ഏറ്റവും പുതിയ കോൺസുലേറ്റ് ജനറലിന്റെ ഉദ്ഘാടനം നിർവഹിക്കും.
ശേഷം പ്രധാനമന്ത്രി മോദിയും മാക്രോണും ഉന്നത ശാസ്ത്ര പദ്ധതിയായ ഇന്റർനാഷണൽ തെർമോ ന്യൂക്ലിയർ എക്‌സ്‌പിരിമെന്റൽ റിയാക്‌ടറിന്റെ (ഐടിആർ) സൈറ്റായ കാഡറാഷെയും സന്ദർശിക്കും.
പ്രധാനമന്ത്രി മോദിയുടെ ആറാമത്തെ ഫ്രാൻസ് സന്ദർശനമാണിത്. ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടമായി ഫ്രാൻസിൽ നിന്ന് മോദി യുഎസിലേക്ക് പറക്കും.
അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും സുതാര്യവുമായ എഐ സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം എഐയെ കൂടുതൽ ഉൾക്കൊള്ളുന്ന ആഗോള ഭരണ മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാരീസ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് മുതൽ ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുഗിംഗ് വരെ, ചൊവ്വാഴ്‌ച നടക്കുന്ന എഐ ഉച്ചകോടി ലോകമെമ്പാടുമുള്ള ഉന്നത നേതാക്കൾ പങ്കെടുക്കുന്ന ഇടം കൂടിയാണ്. ചൈനീസ് സ്‌റ്റാർട്ടപ്പായ ഡീപ്‌സീക്ക് അമേരിക്കൻ എതിരാളിയായ ചാറ്റ്‌ജിപിടിയെ വെല്ലുന്ന വിലകുറഞ്ഞതും വളരെ കൃത്യവുമായ എഐ സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് ഉച്ചകോടി നടക്കുന്നത്.
അതിനിടെ മോദിയുടെ വരവിന് മുന്നോടിയായി ഇരു രാജ്യങ്ങളും സൗഹൃദത്തിൽ കേന്ദ്രീകൃതമായ ഒരു പൊതു താൽപ്പര്യം പങ്കിടുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ഇന്ത്യ ഒരു ട്രെയിനിങ് സൂപ്പർ പവർ ആണെന്നും പ്രതിവർഷം ഒരു ദശലക്ഷം എഞ്ചിനീയർമാർ ഉണ്ടാവുന്നുവെന്നും ഇത് യുഎസും യൂറോപ്പും ചേർന്നതിനേക്കാൾ കൂടുതൽ ആണെന്നും മാക്രോൺ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications