'ഒരുപാട് എഴുത്തുകൾ വരുന്നു, പക്ഷേ ആരും തമിഴിൽ ഒപ്പിട്ടിട്ടില്ല'; ഭാഷാ വിവാദത്തിൽ സ്‌റ്റാലിനെ പരിഹസിച്ച് മോദി
രാമേശ്വരം: ഭാഷാവിവാദത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് നേതാക്കളിൽ നിന്ന് നിരവധി കത്തുകൾ ലഭിക്കുന്നുണ്ടെങ്കിലും അവരാരും തമിഴിൽ ഒപ്പിടുന്നില്ലെന്ന് മോദി പരിഹസിച്ചു. അവർക്ക് അവരുടെ ഭാഷയിൽ ശരിക്കും അഭിമാനമുണ്ടെങ്കിൽ, കുറഞ്ഞത് തമിഴിൽ പേരെങ്കിലും എഴുതണമെന്നും നരേന്ദ്ര മോദി രാമേശ്വരത്ത് ചൂണ്ടിക്കാട്ടി.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദി വീണ്ടും വിവാദത്തിന് തിരികൊളുത്തുന്നത്. തമിഴ് ഭാഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ സ്‌റ്റാലിൻ സർക്കാർ കേന്ദ്രത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇത് തിരിച്ചറിഞ്ഞാണ് നരേന്ദ്ര മോദി അതേനാണയത്തിൽ തിരിച്ചടിക്കുന്നത്.

'തമിഴ് ഭാഷയും പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു. ചിലപ്പോൾ തമിഴ്‌നാട്ടിലെ ചില നേതാക്കളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു, അവരിൽ ആരും തന്നെ തമിഴിൽ ഒപ്പിട്ടിട്ടില്ല. തമിഴിനെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ, എല്ലാവരും കുറഞ്ഞത് തമിഴിൽ പേരെങ്കിലും ഒപ്പിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു' മോദി പറഞ്ഞു.
ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കുപോലും ഡോക്‌ടർമാരാകാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കാൻ കഴിയുന്ന തരത്തിൽ തമിഴ് ഭാഷയിൽ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കാൻ ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് ഡോക്‌ടർമാരാകാൻ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ നൽകി; പ്രധാനമന്ത്രി പറയുന്നു.
കേന്ദ്രം മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം തള്ളി. '2014ന് മുമ്പ്, ഓരോ വർഷവും 900 കോടി രൂപ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അക്കാലത്ത് ഇന്ത്യ സഖ്യത്തിന്റെ ഉത്തരവാദി ആരായിരുന്നുവെന്ന് നിങ്ങൾക്കറിയാം. എന്നാൽ ഈ വർഷം തമിഴ്‌നാടിന്റെ റെയിൽ ബജറ്റ് 6000 കോടി രൂപ കവിഞ്ഞു' മോദി കൂട്ടിച്ചേർത്തു.
എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും കേന്ദ്രവും തമ്മിൽ ഈ വിഷയത്തിൽ കാര്യമായ ഏറ്റുമുട്ടൽ തന്നെ നടക്കുന്നുണ്ട്. ബിജെപി സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് സംസ്ഥാനം ആരോപിക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ത്രിഭാഷാ ഫോർമുലയാണ് ഏറ്റവും പുതിയ വിവാദത്തിന് തുടക്കമിട്ടത്. വിഷയത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് മോദി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications