എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ട്രീറ്റ്, കാന്റീനില്‍ കൗണ്ടറടിച്ച് മോദി; വിളമ്പിയത് ഈ വിഭവങ്ങള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് എംപിമാര്‍ക്ക് ട്രീറ്റൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണത്തിന് ചേര്‍ന്നത്. പാര്‍ലമെന്റ് കാന്റീനില്‍ പിന്നീട് നടന്നത് രസകരമായ കാര്യങ്ങളായിരുന്നു. മോദിയുടെ കോമഡി നിറഞ്ഞ കൗണ്ടറുകളും ഇതിനിടയില്‍ എംപിമാര്‍ ആസ്വദിച്ചു.
എംകെ പ്രേമചന്ദ്രന്‍ എംപി അടക്കമുള്ളവര്‍ എംപിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. തന്നോടൊപ്പം ഉച്ചഭക്ഷണത്തിനായി വരാന്‍ മോദി ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ന് നിങ്ങളെ ഞാന്‍ ശിക്ഷിക്കാന്‍ പോവുകയാണ്. എന്നോടൊപ്പം വരൂ എന്നായിരുന്നു തമാശ നിറഞ്ഞ മോദിയുടെ പരാമര്‍ശം.

വെജിറ്റേറിയന്‍ ഊണായിരുന്നു എംപിമാര്‍ക്കെല്ലാം വിളമ്പിയത്. ചോറ്, ദാല്‍, കിച്ച്ഡി, ടില്‍ കാ ലഡു, എന്നിവയായിരുന്നു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ടിഡിപിയുടെ രാം മോഹന്‍ നായിഡു, ബിഎസ്പിയുടെ റിതേഷ് പാണ്ഡെ, ബിജെപിയുടെ ലഡാക് എംപി ജാംയാംഗ് നംഗ്യാല്‍, കേന്ദ്ര മന്ത്രി എല്‍ മുരുഗന്‍, ബിജെഡിയുടെ സസ്മിത് പത്ര, ബിജെപിയുടെ തന്നെ മഹാരാഷ്ട്ര എംപി ഹീന ഗവിത് എന്നിവരും ഭക്ഷണം കഴിക്കാന്‍ മോദിക്കൊപ്പമുണ്ടായിരുന്നു.
45 മിനുട്ട് നീണ്ട ലഞ്ചില്‍ എംപിമാരും പ്രധാനമന്ത്രിയും തമ്മില്‍ രസകരമായ സംഭാഷണങ്ങളും നടന്നു. പ്രധാനമന്ത്രിയുടെ ജീവിതശൈലിയെ കുറിച്ചായിരുന്നു എംപിമാര്‍ ചോദിച്ചത്. എപ്പോഴാണ് അദ്ദേഹം രാവിലെ എഴുന്നേല്‍ക്കുന്നതെന്നും, ഇത്രയും തിരക്കിട്ട ഷെഡ്യൂള്‍ എങ്ങനെയാണ് അദ്ദേഹം മാനേജ് ചെയ്യുന്നതെന്നുമാണ് എംപിമാര്‍ ചോദിച്ചത്.
തീര്‍ത്തും അനൗദ്യോഗികമായ ഔപചാരികമല്ലാത്ത, എന്നാല്‍ ഊഷ്മളമായ സമയമാണ് പ്രധാനമന്ത്രിയുമായി ചെലവിട്ടത്. വളരെ നല്ല സമീപനമായിരുന്നു മോദിയുടേതെന്നും എംപിമാരില്‍ ഒരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രധാനമന്ത്രിയോടൊപ്പമാണ് നമ്മല്‍ ഇരിക്കുന്നതെന്ന് ഒരിക്കലും തോന്നാത്ത രീതിയിലായിരുന്നു മോദിയുടെ പെരുമാറ്റമെന്നും മറ്റൊരു എംപി പറഞ്ഞു.
നിരവധി കാര്യങ്ങളാണ് എംപിമാരുമായി അദ്ദേഹം സംസാരിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതും, അദ്ദേഹത്തിന്റെ വിദേശ യാത്രകളും, സ്റ്റാച്യു ഓഫ് യൂണിറ്റിയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. അബുദാബിയിലെ ക്ഷേത്രത്തെ കുറിച്ചും പ്രത്യേകമായി മോദി എംപിമാരോട് സംസാരിച്ചത്.
2018ല്‍ മോദിയാണ് ഇതിന്റെ തറക്കല്ലിടല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. ഇന്ത്യയുടെ കരുത്തിനെ കുറിച്ചാണ് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. അതേസമയം ലഞ്ചിന് ശേഷം തന്റെ ഓഫീസര്‍മാരോട് അദ്ദേഹം ഭക്ഷണത്തിന്റെ പണം നല്‍കാനും ആവശ്യപ്പെട്ടു.












Click it and Unblock the Notifications