'വികസിത രാഷ്ട്രം നേടിയെടുക്കാൻ കഴിയുക ഇന്ത്യയിലെ യുവാക്കളുടെ ശക്തി കൊണ്ട്'; പ്രധാനമന്ത്രി
ന്യൂഡൽഹി: വികസിത രാഷ്ട്രമെന്ന സ്വപ്‌നം ഇന്ത്യയിലെ യുവാക്കളുടെ ശക്തിയാൽ സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വർഷത്തേക്ക് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയിലെ യുവാക്കളുടെ നിർണായക പങ്ക് അദ്ദേഹം ഊന്നിപറയുകയും ചെയ്‌തു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025ൽ സംസാരിക്കുകയായിരുന്നു മോദി.
സ്വാമി വിവേകാനന്ദന്റെ 163-ാം ജന്മവാർഷികത്തെ അനുസ്‌മരിപ്പിച്ചു കൊണ്ട് ദേശീയ യുവജന ദിനം ആചരിക്കുന്ന വേളയിലാണ് ഈ പരിപാടി നടന്നത്. 15നും 29നും ഇടയിൽ പ്രായമുള്ള 3000 യുവാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിൽ സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളും അദ്ദേഹത്തിന്റെ മൂല്യങ്ങളും പ്രധാനമന്ത്രി എടുത്ത് പറയുകയുണ്ടായി.

ഇന്ന് രാജ്യം മുഴുവൻ സ്വാമി വിവേകാനന്ദ ജിയെ സ്‌മരിക്കുന്നു. ഇന്ത്യയിലെ യുവാക്കളിൽ സ്വാമിജിക്ക് അപാരമായ വിശ്വാസമുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള അവരുടെ കഴിവിൽ അദ്ദേഹം വിശ്വസിച്ചു. വിവേകാനന്ദ ജി നിങ്ങളെ വിശ്വസിച്ചതുപോലെ, ഞാൻ അദ്ദേഹത്തിലും ഇന്ത്യയുടെ യുവജനങ്ങൾക്കായി അദ്ദേഹം വിഭാവനം ചെയ്‌ത എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു; മോദി പറഞ്ഞു.
ഇതേ വേദിയിൽ വച്ച് നടന്ന ജി20 ഉച്ചകോടിയെ കുറിച്ചും നരേന്ദ്ര മോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. ലോകത്തിന്റെ ഭാവിയെക്കുറിച്ച് ആഗോള നേതാക്കൾ ചർച്ച ചെയ്‌ത ഈ സ്ഥലത്ത്, ഇന്ത്യയിലെ യുവജനങ്ങൾ അടുത്ത 25 വർഷത്തേക്കുള്ള റോഡ് മാപ്പ് രൂപപ്പെടുത്തുകയാണ്. നിങ്ങളോടൊപ്പം ഇവിടെ ഉണ്ടായിരിക്കുക എന്നത് തന്നെ എന്റെ വലിയൊരു ഭാഗ്യമായി കാണുന്നു; പ്രധാനമന്ത്രി പറയുന്നു.
ഇന്ത്യയിലെ യുവാക്കളുടെ ശക്തിയാൽ ഒരു വികസിത രാഷ്ട്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും പ്രധാനമന്ത്രി മോദി ചടങ്ങിൽ വ്യക്തമാക്കി. ഇത് അസാധ്യമായ ഒരു ലക്ഷ്യമാണെന്ന് ചിലർ കരുതിയേക്കാം, പക്ഷേ ഞാൻ അതിൽ വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹം യുവാക്കളോട് പറഞ്ഞത്.
വികസിത ഭാരതിത്തിന്റെ ദർശനം നമ്മുടെ എല്ലാ തീരുമാനങ്ങളെയും നയങ്ങളും സ്വാധീനിക്കുന്നുവെങ്കിൽ ഒരു വികസിത രാഷ്ട്രമായി മാറുന്നതിൽ നിന്ന് നമ്മെ തടയാൻ ഒരു ശക്തിക്കും കഴിയില്ല. വികസിത ഇന്ത്യ സാമ്പത്തികമായും തന്ത്രപരമായും സാമൂഹികമായും സാംസ്‌കാരികമായും ശാക്തീകരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിനിടെ വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കളുടെ പരിപാടികൾ മോദി നേരിട്ട് കണ്ടിരുന്നു.












Click it and Unblock the Notifications