'ഇന്ത്യ ടൂറിസത്തെ ചേർത്തുപിടിക്കുന്നു, പാകിസ്ഥാൻ തീവ്രവാദത്തെ ടൂറിസമായി കാണുന്നു'; പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പാകിസ്ഥാൻ ജനതയോട് തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടൂറിസത്തിൽ വിശ്വസിക്കുമ്പോൾ തന്നെ പാകിസ്ഥാൻ തീവ്രവാദത്തെ ടൂറിസമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിൽ ആരോപിച്ചു. ഈ മാനസികാവസ്ഥ അവരുടെ രാജ്യത്തെ നശിപ്പിക്കുക മാത്രമല്ല, ലോകത്തിന് മുഴുവൻ ഗുരുതരമായ അപകടവും ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിന് പകരമുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഗുജറാത്തിൽ ആദ്യമായി സന്ദർശനം നടത്തിയതായിരുന്നു നരേന്ദ്ര മോദി. അതിനിടയിൽ ഭുജിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെയാണ് പാകിസ്ഥാനെതിരെ അദ്ദേഹം നിലപാട് കടുപ്പിച്ചത്.

ഭീകരതയെ പ്രോത്സാഹിപ്പിച്ചവർ നിങ്ങളുടെ ഭാവി നശിപ്പിച്ചുവെന്നും മോദി ആരോപിച്ചു. പാകിസ്ഥാനുമായി കര, സമുദ്ര അതിർത്തികൾ പങ്കിടുന്ന കച്ച് ജില്ലയിലെ ഭുജിൽ നടന്ന റാലിയിൽ മോദി ഇക്കാര്യം പറഞ്ഞത് പാകിസ്ഥാനും അയൽരാജ്യത്തെ പൗരന്മാർക്കുള്ള സന്ദേശമാണെന്നാണ് വിലയിരുത്തൽ. ടൂറിസം ഉൾപ്പെടെയുള്ള മേഖലകൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനങ്ങൾ.
ഇന്ത്യ ടൂറിസത്തിൽ വിശ്വസിക്കുമ്പോൾ, പാകിസ്ഥാൻ ഭീകരതയെ ടൂറിസമായി കണക്കാക്കുന്നു, ഇത് ലോകത്തിന് വളരെ അപകടകരമാണ്; എന്നും മോദി പറഞ്ഞു. ചടങ്ങിൽ 50,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌ത ശേഷമായിരുന്നു മോദിയുടെ അഭിസംബോധന. ഗുജറാത്തിലേക്കുള്ള മോദിയുടെ വരവ് എല്ലാവരും ഉറ്റുനോക്കാനും കാരണം ഇതായിരുന്നു.
'നിങ്ങളുടെ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനും പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണ് തീവ്രവാദം. അത് അവസാനിപ്പിക്കാൻ പാകിസ്ഥാനിലെ ജനങ്ങൾ മുന്നോട്ട് വരണം. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുക, നിങ്ങളുടെ ഭക്ഷണം കഴിക്കുക. അല്ലെങ്കിൽ, ഞങ്ങളുടെ വെടിയുണ്ട നിങ്ങൾക്കൊപ്പമുണ്ടാവും' എന്നായിരുന്നു മോദിയുടെ വാക്കുകൾ.
മെയ് 26ന് അധികാരക്കസേരയിൽ 11 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി, ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവന്നതിനെ പ്രസംഗത്തിൽ എടുത്തുകാണിച്ചു. അതിനിടെ സ്വന്തം രാജ്യത്തിന്റെ നിലപാടിനെക്കുറിച്ച് ചിന്തിക്കാൻ പാകിസ്ഥാൻ പൗരന്മാരെ വെല്ലുവിളിക്കുകയും ചെയ്‌തു.
'പഹൽഗാം ആക്രമണത്തിന് ശേഷം, പാകിസ്ഥാൻ തീവ്രവാദത്തിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ച് ഞാൻ 15 ദിവസത്തോളം കാത്തിരുന്നു. പക്ഷേ അതല്ല അവരുടെ ഇഷ്‌ടമെന്ന് തോന്നുന്നു. മെയ് 9ന് രാത്രി പാകിസ്ഥാൻ സാധാരണക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, നമ്മുടെ സൈന്യം ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുകയും അവരുടെ വ്യോമതാവളങ്ങൾ നശിപ്പിക്കുകയും ചെയ്‌തു' മോദി പറയുന്നു.
അതേസമയം, ഗുജറാത്തിൽ തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, സംസ്ഥാനത്തിന്റെ ഘടനാപരമായ നഗര പരിവർത്തനത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന വേളയിൽ 'നഗര വികസന വർഷം 2025' പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications