ഗാന്ധി സിനിമ ഇറങ്ങുന്നതിന് മുമ്പ് മഹാത്മജിയെ ആരുമറിയില്ലെന്ന് മോദി; രാഹുലിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ ഇറങ്ങുന്നത് വരെ ആരുമറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന ഹോളിവുഡ് സിനിമ ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
ലോകം മുഴുവന്‍ ഗാന്ധിയെ അറിഞ്ഞത് ഈ ചിത്രം റിലീസായതിന് ശേഷമാണെന്നും മോദി പറഞ്ഞു. എബിപി ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഗാന്ധിയെ കുറിച്ച് പൂര്‍ണമായും അറിയാന്‍ സിനിമ കാണേണ്ടതുള്ളൂ എന്ന് രാഹുല്‍ കുറിച്ചു.

കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരിന്നു മോദിയുടെ പരാമര്‍ശം. മഹാത്മാ ഗാന്ധി ആഗോള തലത്തില്‍ പ്രശസ്തനാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്ന് മോദി പറഞ്ഞു. മഹാത്മാ ഗാന്ധി മഹാനായ മനുഷ്യനാണ്. കഴിഞ്ഞ 75 വര്‍ഷം ആഗോള തലത്തില്‍ അദ്ദേഹത്തിന് വേണ്ട പ്രശസ്തിയൊരുക്കുക നമ്മുടെ കടമയായിരുന്നില്ലേ?
ആര്‍ക്കും ഗാന്ധിയെ കുറിച്ച് അറിയില്ലായിരുന്നു. ഗാന്ധി സിനിമ റിലീസായപ്പോഴാണ് ലോകം മുഴുവന്‍ അദ്ദേഹത്തെ കുറിച്ചറിയാന്‍ വലിയ ആകാംക്ഷയുണ്ടായത്. ആരാണ് ഈ മനുഷ്യനെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. നമ്മള്‍ അദ്ദേഹത്തെ ലോകത്തെല്ലായിടത്തും പ്രശസ്തനാക്കാന്‍ ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സന്‍ മണ്ഡേല എന്നിവരെ കുറിച്ചെല്ലാം ലോകം അറിഞ്ഞു. ഗാന്ധി ഇവരേക്കാളും ഒട്ടും ചെറുതല്ല. അത് നിങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടത്. ആറ്റന്‍ബറോയുടെ ഗാന്ധി 1982ലാണ് റിലീസ് ചെയ്തത്. ഇന്ത്യ-യുകെ നിര്‍മാണ സഹകരണത്തോടെയാണ് ഇവ റിലീസ് ചെയ്തത്.
11 ഓസ്‌കാര്‍ നോമിനേഷനാണ് ചിത്രത്തിന് ലഭിച്ചത്. എട്ട് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വരെ അതിലുണ്ടായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ വിഖ്യാത ചിത്രം ഇടി-ദ എക്‌സ്ട്രാ ടെറസ്ട്രിയലും ഇതിനോട് മത്സരിക്കാനുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസ് രൂക്ഷമായിട്ടാണ് മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് ലോകത്താണ് താമസിക്കുന്നതെന്ന് എനിക്കറിയില്ല. 1982ന് മുമ്പ് മഹാത്മ ഗാന്ധിയെ ലോകത്തിന് അറിയില്ല എന്ന് പറയുന്ന ലോകം ഏതാണെന്നും തനിക്കറിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. മഹാത്മ ഗാന്ധിയുടെ പൈതൃകത്തെ ആരെങ്കിലും ഇല്ലാതാക്കിയിട്ടുണ്ടെങ്കില്‍ അത് ഭരണത്തില്‍ നിന്ന് പുറത്താവുന്ന മോദി തന്നെയാണ്.
മോദിയുടെ സര്‍ക്കാരാണ് വാരണാസി, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തത്. ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ അനുയായികളും ഗാന്ധിയുടെ അനുയായികളും തമ്മിലുള്ള പോരാട്ടമാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും ജയറാം രമേശ് കുറിച്ചു.












Click it and Unblock the Notifications