വനിതാ സംവരണ നിയമ ഭേദഗതിയിൽ എംപിമാരുടെ പിന്തുണ തേടി പ്രധാനമന്ത്രി; 'ഒരുമിച്ച് മുന്നോട്ട് പോകാം'
ന്യൂഡൽഹി: വനിതാ സംവരണ നിയമ ഭേദഗതിക്ക് എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കേവലം ഒരു നിയമനടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ അഭിലാഷങ്ങളെ പ്രതിഫലിക്കുന്നതും, ഭാരതത്തിന്റെ നാഗരിക മൂല്യങ്ങൾക്ക് അടിവരയിടുന്ന തത്വത്തിന്റെ സ്ഥിരീകരണവുമാണ് ഇതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
രാജ്യവികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന സ്ത്രീജനങ്ങളുടെ ശാക്തീകരണത്തിനായി നിരന്തര ശ്രമങ്ങൾ നടന്നിട്ടുണ്ട്. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സഹായം എന്നിവ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ സ്ത്രീ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകി. എന്നാൽ, രാഷ്ട്രീയത്തിലും നിയമനിർമ്മാണ സഭകളിലുമുള്ള സ്ത്രീ പ്രാതിനിധ്യം സമൂഹത്തിലെ അവരുടെ പങ്കിന് ആനുപാതികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി ഇതിനെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. സ്ത്രീകൾക്ക് അർഹമായ സ്ഥാനം നൽകാനുള്ള ശ്രമങ്ങൾ തുടർന്നിട്ടും ഈ കുറവ് നികത്താൻ കഴിഞ്ഞില്ല. കമ്മിറ്റികൾ രൂപീകരിക്കുകയും ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
എങ്കിലും, നിയമനിർമ്മാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം വർഡിപ്പിക്കണമെന്ന സമവായം ശക്തമായി നിലനിന്നിരുന്നു. ഈ മനോഭാവത്തോടെയാണ് 2023 സെപ്റ്റംബറിൽ പാർലമെന്റ് 'നാരി ശക്തി വന്ദൻ അധികാരം' പാസാക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഒരു സന്ദർഭമായി ഇതിനെ ഞാൻ കണക്കാക്കുന്നുവെന്നാണ് മോദി പറഞ്ഞത്.
'വനിതാ സംവരണം ഉറപ്പാക്കാനുള്ള ഈ അവസരം നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. സമത്വം പ്രാവർത്തികമാകുന്ന ഒരു സമൂഹമാണ് ഭരണഘടന ശിൽപ്പികൾ വിഭാവനം ചെയ്‌തത്. നിയമനിർമ്മാണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ആ കാഴ്‌ചപ്പാട് സാക്ഷാത്കരിക്കാനുള്ള പ്രധാന ചുവടുവെപ്പാണ്' അദ്ദേഹം ലേഖനത്തിൽ പറയുന്നു.
സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലെ ഓരോ കാലതാമസവും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഗുണനിലവാരത്തെയും സമഗ്രതയെയും ദുർബലപ്പെടുത്തും. രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ ഇത് അസന്തുലിതാവസ്ഥ സൃഷ്‌ടിക്കും. ഇന്ത്യയുടെ പുരോഗതി സുസ്ഥിരമാണെന്ന് ഉറപ്പാക്കാൻ സമയബന്ധിതമായ നടപടി അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഈ നിമിഷം കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇത് നാരി ശക്തിയോടുള്ള രാജ്യത്തിന്റെ കടപ്പാടാണ്. ഭേദഗതികൾ ഏറ്റവും വലിയ സമവായത്തെയും വിശാലമായ ദേശീയ താൽപ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാമന്ത്രി പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്കപ്പുറം ഭാവി തലമുറകൾക്കായി പ്രവർത്തിക്കാൻ ഇത്തരം അവസരങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു.
'ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇന്ത്യ എല്ലായ്‌പ്പോഴും ഭിന്നതകൾക്കതീതമായി ഐക്യത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇത് അത്തരമൊരു സന്ദർഭമാണ്. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം, ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്താം, ദേശീയ പുരോഗതിക്കായി നമ്മുടെ 'നാരി ശക്തി'യെ ശാക്തീകരിക്കാം' പ്രധാനമന്ത്രി ലേഖനത്തിലൂടെ ആഹ്വാനം ചെയ്‌തു.
വനിതാ സംവരണ ബിൽ ഭേദഗതി
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നിയമം 2023-ൽ ഭരണഘടന ഭേദഗതിയിലൂടെ അംഗീകരിച്ചു. എന്നാൽ, 2027-ലെ സെൻസസ് അടിസ്ഥാനമാക്കി നടക്കുന്ന മണ്ഡലപുനർനിർണയം പൂർത്തിയായാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരുകയുള്ളൂ. നിലവിലെ നിയമമനുസരിച്ച്, ഈ സംവരണം 2034-ലേ നടപ്പിലാകൂ.
എങ്കിലും, 2029-ലെ പൊതുതിരഞ്ഞെടുപ്പുകൾ മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി സ്ത്രീ സംവരണ നിയമത്തിൽ ഭേദഗതി വരുത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർന്നേക്കാം, അതിൽ 273 എണ്ണം സ്ത്രീകൾക്കായി നീക്കിവെക്കപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications