വോട്ടിന് വേണ്ടി തമിഴരെ മോശക്കാരാക്കുന്നത് നിര്‍ത്തണം; പ്രധാനമന്ത്രിക്കെതിരെ സ്റ്റാലിന്‍
ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വോട്ടിന് വേണ്ടി തമിഴരെയും തമിഴ്‌നാടിനെയും മോശക്കാരായും അപകീര്‍ത്തീപ്പെടുത്താനും ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് പോയെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മോദിയുടെ വിമര്‍ശനം. നഷ്ടമായ ഭണ്ഡാര താക്കോലുകളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം കോടിക്കണക്കിന് പേര്‍ ആരാധിക്കുന്ന ജഗന്നാഥ ഭഗവാനെ അപമാക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ഒഡീഷയില്‍ പട്‌നായിക്കിന്റെ സര്‍ക്കാരിന് കീഴില്‍ ജഗന്നാഥ ഭഗവാന്റെ ക്ഷേത്രം പോലും സുരക്ഷിതമല്ലെന്ന് മോദി പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പുരി ക്ഷേത്ര ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാനില്ലെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്കയറിയിക്കുകയും ചെയ്തു.
രത്‌ന ഭണ്ഡാരക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ബിജു ജനതാദള്‍ പുറത്തുവിടാത്തത്. ഇക്കാര്യത്തില്‍ ബിജെഡിയുടെ റോള്‍ സംശയാസ്പദമാണ്. ജൂണ്‍ പത്തിന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും മോദി അവകാശപ്പെട്ടു. ഭണ്ഡാരത്തിന്റെ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് പോയെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമര്‍ശം ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള തമിഴ്‌നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഒരു ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്ന കള്ളന്മാരെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അത് തമിഴ്‌നാടിനെ അപമാനിക്കുന്നതിന് തുല്യമാണ്.
എന്തിനാണ് തമിഴരോട് ഇത്രയും വെറുപ്പെന്ന് സ്റ്റാലിന്‍ ചോദിച്ചു. മോദി വിദ്വേഷ പ്രസംഗത്തിലൂടെ ആളുകള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുകയാണ്. സംസ്ഥാനങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്.
രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എത്തി വോട്ട് ചോദിക്കുമ്പോള്‍ തമിഴരെ മോശമാക്കി സംസാരിക്കുകയും തമിഴ്‌നാട്ടിലെത്തുമ്പോള്‍ തമിഴിനെയും തമിഴ്‌നാട്ടിലെ ജനങ്ങളെ പുകഴ്ത്തുകയും ചെയ്യുന്ന മോദിയും ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും സ്റ്റാലിന്‍ പറഞ്ഞു.












Click it and Unblock the Notifications