പ്രചാരണം കഴിഞ്ഞാല്‍ മോദി തമിഴ്‌നാട്ടിലേക്ക്; വിവേകാനന്ദപ്പാറയില്‍ 48 മണിക്കൂര്‍ ധ്യാനമിരിക്കും
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വമ്പന്‍ പ്രചാരണം കഴിഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലേക്ക്. കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ വിവകോനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനത്തിരിക്കും. മെയ് മുപ്പതിനാണ് അദ്ദേഹം അവിടെയെത്തുക. ആത്മീയമായ ജീവിതമാണ് 48 മണിക്കൂര്‍ നേരത്തേക്ക് അദ്ദേഹം പിന്തുടരുക.
സ്വാമി വിവേകാനന്ദന്‍ ഇവിടെ ധ്യാനത്തിന് ഇരുന്നുവെന്നത് കൊണ്ടാണ് വിവകോനന്ദ പാറ സ്മാരകമായി ഇത് അറിയപ്പെടാന്‍ കാരണം. തമിഴ് സന്ന്യാസിവരനും പണ്ഡിതനുമായ തിരുവള്ളുവരുടെ പ്രതിമയ്ക്ക് അടുത്തായിട്ടാണ് വിവേകാനന്ദപാറ സ്ഥിതി ചെയ്യുന്നത്. അറിയപ്പെടുന്ന വിനോദ സഞ്ചാര മേഖല കൂടിയാണിത്.

കന്യാകുമാരി തീരത്ത് നിന്ന് കടലിന്റെ നടുവിലേക്ക് സഞ്ചരിച്ചാലാണ് വിവേകാനന്ദപ്പാറയില്‍ എത്തിപ്പെടാനാവുക. വ്യാഴാഴ്ച്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെയെത്തും. തുടര്‍ന്ന് ധ്യാനത്തിന് ഇരിക്കും. ജൂണ്‍ ഒന്നിന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. വിവേകാനന്ദപാറയിലെ ധ്യാന്‍ മണ്ഡപത്തിലാണ് പ്രധാനമന്ത്രി ധ്യാനത്തിരിക്കുന്നത്.
രാജ്യത്താകെ യാത്ര ചെയ്ത ശേഷമാണ് വിവേകാനന്ദന്‍ ഇവിടെയെത്തിയത്. മൂന്ന് ദിവസം ഇവിടെ ധ്യാനത്തിന് ഇരുന്നുവെന്നും, വികസിത ഭാരത്തിനായുള്ള സങ്കല്‍പ്പം അദ്ദേഹത്തിന് ലഭിച്ചുവെന്നുമാണ് വിശ്വസിച്ചുപോരുന്നത്. ഇന്ത്യയുടെ തീര്‍ഥാടക കേന്ദ്രങ്ങളിലൊന്നായിട്ടും വിവേകാനന്ദപാറയെ പരിഗണിക്കുന്നുണ്ട്.
കന്യാകുമാരി ദേവി ഭഗവാന്‍ ശിവനെ ഈ പാറയില്‍ നിന്നാണ് പ്രാര്‍ത്ഥിച്ചിരുന്നതെന്നാണ് ഐതിഹ്യം.2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സമയത്തും സമാനമായ രീതിയില്‍ പ്രധാനമന്ത്രി ആത്മീയ ഇടവേള എടുത്തിരുന്നു. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനത്തിന് പോയിരുന്നു അദ്ദേഹം.
2014ല്‍ ശിവജിയുടെ പ്രതാപ്ഗഡായിരുന്നു മോദി സന്ദര്‍ശിച്ചത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന്റെ തലേദിവസമാണ് പ്രധാനമന്ത്രിയുടെ ആത്മീയ സന്ദര്‍ശനവും ധ്യാനവും നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം കടുത്ത ആത്മവിശ്വാസത്തിലാണ് മോദിയും ബിജെപിയും പ്രചാരണം അവസാനിക്കുക. ഇതിനോടകം 350 സീറ്റില്‍ അധികം നേടിയെന്നാണ് പ്രചാരണത്തില്‍ അടക്കം മോദിയും അമിത് ഷായും അടക്കം ഉന്നയിച്ചത്. ഇത്തവണ 400 സീറ്റ് എന്‍ഡിഎ നേടുമെന്നാണ് പ്രചാരണത്തില്‍ അടക്കം നേതാക്കള്‍ ഉന്നയിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 100 സീറ്റ് നേടുമെന്നും പ്രധാനമന്ത്രി അടക്കമുള്ളവര്‍ പ്രചാരണത്തില്‍ പറഞ്ഞിരുന്നു. അതേസമയം ബിജെപി 200 സീറ്റില്‍ താഴെ പോകുമെന്നാണ് പ്രതിപക്ഷമായ ഇന്ത്യ സഖ്യം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications