സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് മോദി; '99 ശതമാനം വസ്‌തുക്കളുടെയും വില കുറയും'
ന്യൂഡൽഹി: ജിഎസ്‌ടി 2.0 അവതരിപ്പിച്ചതോടെ ഒരു പുതിയ സാമ്പത്തിക അധ്യായത്തിന്റെ ഉദയം ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രിയുടെ തലേന്ന്, രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തലമുറ ജിഎസ്‌ടി പരിഷ്‌കാരങ്ങൾ, സ്വദേശി വത്കരണം, ആദായനികുതി, ദാരിദ്ര്യനിർമ്മാജനം എന്നിങ്ങനെ വിവിധ മേഖലകളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.
സമ്പാദ്യത്തിന്റെ ഉത്സവമായ ബചത് ഉത്സവത്തിന്റെ തുടക്കം എന്ന് ജിഎസ്‌ടി പരിഷ്‌കാരങ്ങളെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇവ കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുക മാത്രമല്ല, നിക്ഷേപത്തിന് ഒരു അവസരമാകുമെന്നും പറഞ്ഞു. സംരംഭകരുടെ പറുദീസയായി രാജ്യം മാറുമെന്നും വികസനത്തിനായുള്ള ഓട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇടം എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'നാളെ മുതൽ രാജ്യം ജിഎസ്‌ടി ബചത് ഉത്സവ് ആഘോഷിക്കും. നിങ്ങളുടെ സമ്പാദ്യം വർധിക്കും, നിങ്ങൾക്ക് പ്രിയപ്പെട്ട വസ്‌തുക്കൾ വാങ്ങാൻ കഴിയും. ഈ പരിഷ്‌കാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്യും' ഏകദേശം അരമണിക്കൂറോളം നീണ്ട തന്റെ അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടായി പറഞ്ഞു.
'വർഷങ്ങളായി, ബിസിനസുകളും ഉപഭോക്താക്കളും ഒരുപോലെ നികുതിയുടെയും ടോളിന്റെയും വലയിൽ കുടുങ്ങി. കമ്പനികൾ ദൈനംദിന ബുദ്ധിമുട്ടുകൾ സഹിച്ചു, ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വർധിച്ച ചെലവ് ആത്യന്തികമായി ദരിദ്രരുടെയും സാധാരണക്കാരുടെയും മേൽ വന്നു. ഇതിൽ നിന്നൊരു മോചനം അത്യാവശ്യമായിരുന്നു' മോദി പറഞ്ഞു.
ഒരു ഡസൻ വ്യത്യസ്‌ത നികുതികളുടെ ഭാരത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും "ഒരു രാഷ്ട്രം, ഒരു നികുതി" എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിനും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. 2014ന് മുൻപ് നികുതിഭാരത്തിൽ കെണിയിൽ കുടുങ്ങിയത് പോലെയായിരുന്നു ജനങ്ങളും വ്യാപരികളുമെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിന്റെ ഭാരം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിന്റെ ഭാഗമായി, 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കാനുള്ള ഈ വർഷം ആദ്യം കേന്ദ്ര ബജറ്റ് തീരുമാനവുമായി അദ്ദേഹം പുതിയ ജിഎസ്‌ടി പരിഷ്‌കരണത്തെ അദ്ദേഹം ചേർത്തുവായിക്കുകയും ചെയ്‌തു.
മാത്രമല്ല കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഒപ്പം സ്വദേശിവത്കരണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം ആത്മനിർഭർ ഭാരതിന് ആഹ്വാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. യുഎസ്-ഇന്ത്യ വ്യാപാര തർക്കം തുടരുന്നതിനിടെയാണ് ഈ ആഹ്വാനം എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, ചരക്ക് സേവന നികുതി ഘടനയുടെ ലളിതവൽക്കരണമാണ് പുതിയ നികുതി പരിഷ്‌കരണത്തിന്റെ കാതൽ. ഈ മാസം ആദ്യം ജിഎസ്‌ടി കൗൺസിൽ 5 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും ദ്വിതല നിരക്ക് സംവിധാനത്തിന് അംഗീകാരം നൽകിയിരുന്നു, തുടർന്ന് നവരാത്രിയുടെ ആദ്യ ദിവസത്തോടനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും.
12 ശതമാനം നികുതി ഉണ്ടായിരുന്ന ഏകദേശം 99 ശതമാനം സാധനങ്ങളും ഇനി 5 ശതമാനം നികുതി പരിധിയിൽ വരും. അതേസമയം 28 ശതമാനം സ്ലാബിൽ ഉണ്ടായിരുന്ന ഏകദേശം 90 ശതമാനം സാധനങ്ങളും 18 ശതമാനമായി മാറും. എങ്കിലും ആഡംബര, സിൻ വസ്‌തുക്കൾക്ക് 40 ശതമാനം നഷ്‌ടപരിഹാര സെസ് തുടർന്നും ചുമത്തുന്നതായിരിക്കും.












Click it and Unblock the Notifications