ഉജ്ജ്വല്‍ യോജന ഗുണഭോക്താവ് മീര മാഞ്ചിയുടെ വീട്ടിലെത്തി മോദി, ചായ കുടിച്ചു, പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഉജ്ജ്വല പദ്ധതിയുടെ പത്താമത് കോടി ഉപയോക്താവായ മീരാ മാഞ്ചിയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലുള്ള മീരയുടെ വീട്ടിലേക്കാണ് എത്തിയത്. ഇന്ന് അയോധ്യ സ്‌റ്റേഷന്റെ ഉദ്ഘാടനത്തിനായി മോദി യുപിയില്‍ എത്തിയിരുന്നു. ഉജ്ജ്വല സ്‌കീം ബിപിഎല്‍ ഗുണഭോക്താക്കള്‍ക്കായി എല്‍പിജി കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ്.ഇതുവഴിയാണ് ഗുണഭോക്താവിന് സാമ്പത്തിക സഹായം ലഭിക്കുക.
മീര മാഞ്ചി ഈ പദ്ധതിയുടെ പത്താമത് കോടി ഗുണഭോക്താവായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ലഭിച്ചത്. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രി വീട്ടിലെത്തുന്നതിനും മീരയും കുടുംബവും സാക്ഷ്യം വഹിച്ചു. അതേസമയം മീരയുടെ വീട്ടിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഒരു കപ്പ് ചായ കുടിക്കുകയും ചെയ്തു. അതിന് ശേഷം ചായ എങ്ങനെയുണ്ട് അദ്ദേഹം പറയുകയും ചെയ്തു.

ചായ വളരെ മികച്ചതായിരിക്കുന്നു. താനൊരു ചായക്കടക്കാരനായിരുന്നത് കൊണ്ട് ഇത് നല്ലതാണെന്ന് എനിക്ക് പറയാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. അതേസമയം ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി വികസന പദ്ധതികളാണ് മോദി ശനിയാഴ്ച്ച അയോധ്യയില്‍ ഉദ്ഘാടനം ചെയ്തത്.
ജനുവരി 22ന് രാമക്ഷേത്ര ഉദ്ഘാടനം നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് അദ്ദേഹം അയോധ്യയിലെത്തിയത്. മഹര്‍ഷി വാല്‍മീകി വിമാനത്താവളവും ഒപ്പം പുതുക്കിയ റെയില്‍വേ സ്റ്റേഷനുമാണ് മോദി ഉദ്ഘാടനം ചെയ്തത്. 15700 കോടിയോളം മൂല്യം വരുന്ന പദ്ധതികളാണിത്.റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മടങ്ങുന്ന വഴിയാണ് മീര മാഞ്ചിയുടെ വീട്ടിലേക്ക് മോദിയെത്തിയത്.
മീരയുടെ കുടുംബാംഗങ്ങളുമായി മോദി സംസാരിക്കുന്ന വീഡിയോയും എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. മീരയുടെ ഭര്‍തൃവീട്ടുകാര്‍, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. മോദിയുടെ കാല് തൊട്ട് വണങ്ങാന്‍ ശ്രമിച്ചവരെ അദ്ദേഹം തടയുകയും ചെയ്തു. തുടര്‍ന്നാണ് അവരുമായി സംസാരിച്ചത്.
'മീര ഞാനിവിടെ വന്നത് എന്തിനാണെന്ന് അറിയുമോ? ഞങ്ങള്‍ പത്ത് കോടി ഗ്യാസ് കണക്ഷന്‍ ഈ രാജ്യത്ത് നല്‍കി. പത്താമത്തെ കോടി കണക്ഷന്‍ ലഭിച്ച ഗുണഭോക്താവിനെ കാണാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അത് നിങ്ങളാണെന്ന് തിരിച്ചറിയുകയായിരുന്നു'വെന്നും മോദി പറഞ്ഞു.
എന്താണ് നിങ്ങള്‍ ഗ്യാസില്‍ പാചകം ചെയ്യു. ഇന്ന് ചോറും, പയറും, പച്ചക്കറികളുമാണ് പാകം ചെയ്തത്. പ്രധാനമന്ത്രിക്കായി ചായയും തയ്യാറാക്കിയെന്നും മീര പറഞ്ഞു. എങ്കില്‍ കുറച്ച് ചായ എനിക്ക് തരൂവെന്ന് മോദി പറഞ്ഞ ഉടനെ ഇവര്‍ അടുക്കളയില്‍ പോയി ചായ എടുത്ത് കൊണ്ടുവന്ന് ചായ നല്‍കുകയായിരുന്നു. പാല്‍ ചായയായത് കൊണ്ട്, പാല്‍ എവിടെ നിന്നാണ് ലഭിച്ചതെന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം.
വളരെ മധുരമുള്ള ചായയാണ് നിങ്ങളുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു. വീട്, വൈദ്യുതി, വെള്ളം, ഇപ്പോള്‍ ഗ്യാസ്, സര്‍ക്കാരില്‍ നിന്ന് ഭക്ഷ്യധാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. 10 കിലോ ധാന്യങ്ങള്‍ ലഭിക്കുന്നുവെന്നും അവര്‍ മറുപടി നല്‍കി.












Click it and Unblock the Notifications