വനിതാ സംവരണ ബില്ലിലെ മോദിയുടെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും രാജ്യത്തെ അഭിസംബോധന ചെയ്‌ത സംഭവത്തിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ദേശീയ പ്രക്ഷേപണം ദുരുപയോഗം ചെയ്‌തുവെന്നും, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ച് സിപിഐ, സിപിഎം, കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഇതിന് പിന്നാലെ.
ഇന്നലെ രാത്രിയോടെയാണ് ബിൽ പരാജയപ്പെട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മമാരോടും പെൺമക്കളോടും ക്ഷമ ചോദിച്ചു രംഗത്ത് വന്നത്. സത്യസന്ധമായ ശ്രമത്തെ ഇല്ലാതാക്കിയെന്ന് കോൺഗ്രസിനെയും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടികളെ പ്രസംഗത്തിൽ പേരെടുത്ത് പറഞ്ഞത് വിമർശനത്തിന് വഴിയൊരുക്കി.

ഇതിന് പിന്നാലെ സിപിഐ രാജ്യസഭാ എംപി സന്തോഷ് കുമാർ പി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് കത്തെഴുതിയിരുന്നു. ദൂരദർശൻ വഴിയുള്ള പ്രസംഗം പക്ഷപാതപരമാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ സന്തുലിതാവസ്ഥ തകർക്കുന്നതായും അദ്ദേഹം കമ്മീഷന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
കോൺഗ്രസ് നേതാവ് അനിൽ അക്കരയും സമാന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി. ബിൽ പരാജയപ്പെട്ട ശേഷം പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടാൻ മോദി സർക്കാർ നിയന്ത്രിത ബ്രോഡ്‌കാസ്‌റ്റർ പരിപാടി ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം. മെയ് 4 വരെ പല സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
സിപിഎം നേതാവ് ജോൺ ബ്രിട്ടാസും ഓൺലൈനിലൂടെ വിമർശനമുന്നയിച്ചു. പ്രതിപക്ഷത്തെ ആക്രമിക്കാൻ മുൻപ് ഒരു പ്രധാനമന്ത്രിയും ദേശീയ പ്രസംഗം ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രസംഗത്തിന്റെ ചിലവ് ബിജെപി പ്രചാരണ ചെലവായി കണക്കാക്കണമെന്ന് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
നികുതിദായകരുടെ പണം മുടക്കി നടത്തുന്ന ഔദ്യോഗിക പ്രക്ഷേപണം തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാക്കി മാറ്റിയെന്നാണ് ഇടത് പാർട്ടികളുടെയും കോൺഗ്രസിന്റെയും പ്രധാന ആക്ഷേപം. ഭരണഘടനാപരമായ പദവിയെ രാഷ്ട്രീയ മത്സരങ്ങൾക്കിടെ പക്ഷപാതപരമായ വേദിയാക്കി ഇതിനെ മാറ്റുന്നുവെന്നാണ് ഇരുപാർട്ടികളും വാദിക്കുന്നത്.
പാർലമെന്റ് തടഞ്ഞ മുപ്പത്തിമൂന്ന് ശതമാനം വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ടാണ് ഈ തർക്കങ്ങൾ ഉടലെടുത്തത്. മണ്ഡല പുനർനിർണയവും സീറ്റ് വർധന പദ്ധതിയുമായി ഇത് ബന്ധപ്പെടുത്തിയിരുന്നു. വനിതാ സംവരണത്തെ പിന്തുണയ്ക്കുമ്പോഴും, പുനർനിർണയം ഭരണകക്ഷിക്ക് അനുകൂലമായി വോട്ടുകൾ മാറ്റുമോ എന്ന് പ്രതിപക്ഷത്തിന് ആശങ്കയുണ്ട്.
അതേസമയം, ഈ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വിശദമായ ഉത്തരവുകൾ പുറത്തുവിട്ടിട്ടില്ല. ഇത്തരം വിഷയങ്ങൾ കേസ് അടിസ്ഥാനമാക്കി പരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. നിലവിലെ സവിശേഷ സാഹചര്യത്തിൽ ഈ സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്‌പക്ഷതയെ വിലയിരുത്തുന്ന ഒന്നായിട്ടാണ് പ്രതിപക്ഷം കാണുന്നത്.












Click it and Unblock the Notifications