ശംഭു അതിർത്തിയിൽ പോലീസ് നടപടി; ഡൽഹി ചലോ മാർച്ച് നിർത്തിവച്ച് കർഷകർ, 17 പേർക്ക് പരിക്ക്
ന്യൂഡൽഹി: ശംഭു അതിർത്തിയിലെ പോലീസ് നടപടിയെ തുടർന്ന് ഡൽഹി ചലോ മാർച്ച് നിർത്തിവച്ച് കർഷകർ. ഹരിയാന-പഞ്ചാബ് അതിർത്തി ഗ്രാമമായ ശംഭുവിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞിരുന്നു. ഇവിടെ പോലീസും കർഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പ്രതിഷേധക്കാർക്കാണ് പരിക്കേറ്റത്. പോലീസ് പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും ഉൾപ്പെടെ പ്രയോഗിച്ചിരുന്നു.
കർഷകരുടെ ആഭ്യന്തര യോഗത്തിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. 101 കർഷകരുടെ സംഘം ഉച്ചയോടെ ഡൽഹി ചലോ കാൽനടയാത്ര പുനരാരംഭിച്ചിരുന്നു. എന്നാൽ ശംഭു അതിർത്തിയിൽ വച്ച് ഇവരെ പോലീസ് ബാരിക്കേഡുകളും മറ്റും വച്ച് തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.

അതേസമയം, കോൺഗ്രസ് നേതാവും ഗുസ്‌തി താരവുമായ ബജ്‌റംഗ് പൂനിയയും ശംഭു അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ കർഷകർക്കൊപ്പം ചേർന്നു. 'ഞങ്ങൾ കർഷകരെ തടയുന്നില്ലെന്ന് ഒരു വശത്ത് സർക്കാർ പറയുമ്പോൾ മറുവശത്ത് അവർ കണ്ണീർ വാതകവും മറ്റും പ്രയോഗിക്കുകയാണ്. പാകിസ്ഥാൻ അതിർത്തിയാണെന്ന രീതിയിലാണ് പെരുമാറ്റം. നേതാക്കൾ ഡൽഹിയിൽ പ്രതിഷേധിക്കാൻ പോകുമ്പോൾ അനുവാദം വാങ്ങാറുണ്ടോ?' പൂനിയ ചോദിച്ചു.
ഡിസംബർ 6ന് ശേഷം ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ പ്രതിഷേധിക്കുന്ന കർഷകരുടെ മൂന്നാമത്തെ ശ്രമമാണ് ഇന്നത്തേത്. ഡിസംബർ 6നും ഡിസംബർ 8നും ഹരിയാനയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ മുന്നോട്ട് പോകാൻ അനുവദിച്ചിരുന്നില്ല. ഇതേ സാഹചര്യമായിരുന്നു ഇന്നും ശംഭു അതിർത്തിയിൽ തുടർന്നത്.
അതിനിടെ മാർച്ചിന് മുന്നോടിയായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഹരിയാന സർക്കാർ ഡിസംബർ 17 വരെ അംബാലയിലെ 12 ഗ്രാമങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ വിലക്കിയിരുന്നു. കൂടാതെ കർഷകർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ വലിയ സുരക്ഷാ സന്നാഹങ്ങളും ബാരിക്കേഡുകളും ഹരിയാന പോലീസ് സ്ഥാപിക്കുകയും ചെയ്‌തിരുന്നു.
ഡൽഹി ഭരണകൂടത്തിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ കർഷകർക്ക് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ കഴിയൂ എന്ന നിലപാടാണ് അംബാല പോലീസ് സ്വീകരിച്ചത്. കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ, കാർഷിക കടം എഴുതിത്തള്ളൽ, കർഷകർക്ക് പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്.
അതേസമയം, ഡൽഹി ചലോ മാർച്ചിന് സമാന്തരമായി കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ 19 ദിവസമായി ഖനൗരി അതിർത്തിയിൽ മരണം വരെ നിരാഹാര സമരം നടത്തുന്നുണ്ട്. വിഷയത്തിൽ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു. കേന്ദ്രത്തോടും പഞ്ചാബ് സർക്കാരിനോടും എത്രയും പെട്ടെന്ന് ദല്ലേവളുമായി ചർച്ച നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications