കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍ അപകടം രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത് ഇങ്ങനെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്ന് 21 പേരുടെ ജീവനാണ് നഷ്ടമായത്. കൊല്‍ക്കത്തിയിലെ ഗണേഷ് ടാക്കീസ് സമീപത്തുള്ള വിവേകാനന്ദ ഫ്ളൈ ഓവറാണ് തകര്‍ന്നത്. അപകടം നടക്കുന്ന സമയത്ത് 150 ലധികം ആളുകളാണ് ഫ്ളൈ ഓവറിന് അടിയിലൂടെ സഞ്ചരിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫ്ളൈ ഓവറിനടിയില്‍ കുടുങ്ങി കിടക്കുന്നവരുടെയും ആശുപത്രിലായവരുടെയും ചിത്രങ്ങള്‍ കണ്ടാല്‍ കണ്ണ് നിറഞ്ഞുപോകും.
എന്നാല്‍ ഇതൊന്നും കണ്ണില്‍പ്പെടാത്ത ചിലരുണ്ട്. അവര്‍ക്ക് അടുത്ത് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാത്രമാണ് കണ്ണില്‍പ്പെടുക. മറ്റാരെയുമല്ല, സ്ഥലത്തെ പ്രധാന ദിവ്യന്മാരായ രാഷ്ട്രീയക്കാരെക്കുറിച്ച് തന്നെയാണ് പറയുന്നത്. കൊല്‍ക്കത്തയില്‍ ഫ്ളൈ ഓവര്‍ തകര്‍ന്നതിന് മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കുറ്റം പറയുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതും അപകടസ്ഥലത്തെ ചോര പോലും ഉണങ്ങുന്നതിന് മുമ്പ്.

രാഷ്ട്രീയം പറയാനുള്ള സമയമല്ല ഇതെന്ന് മമതാ ബാനര്‍ജി തന്നെ പറഞ്ഞെങ്കിലും ഇതിനിടയില്‍ ഇടതുപക്ഷത്തിന് ഒരു കുത്തുകൊടുക്കാന്‍ അവരും മറക്കുന്നില്ല. 2008 ല്‍ തറക്കല്ലിട്ട ഫ്ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയത് 2009ലാണ്. ബംഗാളില്‍ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഫ്ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയത്. തങ്ങളുടെ കാലത്തല്ല - മുഖ്യമന്ത്രി പറയുന്നു. അത് കൊണ്ടെന്ത് പ്രത്യേകത എന്ന് മാത്രം മുഖ്യമന്ത്രി പക്ഷേ പറഞ്ഞില്ല. അത് ഇപ്പോള്‍ പറയേണ്ട കാര്യമെന്ത് എന്നും.
മമതാ ബാനര്‍ജിയെ കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്നാണ് ആക്രമിക്കുന്നത്. ഫ്ളൈ ഓവറിന്റെ ഏത് ഭാഗമാണ് തകര്‍ന്ന് വീണത്. ഞങ്ങള്‍ ഭരിക്കുമ്പോള്‍ കെട്ടിയതോ മമതാ ബാനര്‍ജി ഭരിക്കുമ്പോള്‍ കെട്ടിയതോ - ലെഫ്റ്റ് ഫ്രണ്ട് ചെയര്‍മാന്‍ ബിമന്‍ ബോസിന്റെ ചോദ്യം ഇതാണ്. തൃണമൂല്‍ മന്ത്രിസഭയുടെ അഴിമതിയാണ് അപകടത്തിന് കാരണം. നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കീം രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.












Click it and Unblock the Notifications