രജൗരി ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 5 ആയി; 2 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച്ച രാത്രി ഒരു സൈനികന്‍ കൂടി കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ദേര കി ഗലിയില്‍ വെച്ച് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. സൈന്യം തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ഓപ്പറേഷന്‍ നടക്കുന്ന ഇടത്തേക്ക് രണ്ട് സൈനിക വാഹനങ്ങള്‍ വരുന്നതിനിടേയാണ് ആക്രമണം ഉണ്ടായത്. ഇതില്‍ സൈനിക ട്രൂപ്പുകള്‍ ഉണ്ടായിരുന്നു. അതേസമയം ഈ മേഖല തീവ്രവാദികളുടെ കേന്ദ്രമാണെന്ന് സൈനികര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടേക്ക് വാഹനങ്ങളില്‍ സൈനികര്‍ എത്തിയിരുന്നത്.

മൂന്ന് സൈനികരാണ് ഭീകരാക്രമണത്തില്‍ ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെടുകയായിരുന്നു. ബുഫിയാസില്‍ നിന്ന് സുരാന്‍കോട്ടിലേക്കും, അവിടെ നിന്ന് താനാമണ്ഡിയിലേക്കുമുള്ള യാത്രയിലായിരുന്നു സൈനികര്‍. ട്രക്കിലും ജിപ്‌സിയിലുമായി രാഷ്ട്രീയ റൈഫിള്‍സിന്റെ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ടോപ പിറില്‍ എത്തിയപ്പോഴാണ് ഭീകരര്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
ഇതേ ഇടത്ത് വെച്ചാണ് തീവ്രവാദികള്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സെഷന്‍സ് ജഡ്ജ് വികെ ഫൂലിനെയും സുഹൃത്തിനെയും, രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയിരുന്നു. 2001 ഡിസംബര്‍ ഒന്നിനായിരുന്നു ഈ ദാരുണ സംഭവം നടന്നത്. 2021ല്‍ സൈനികര്‍ക്ക് നേരത്തെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ ഇതുപോലെ കൊല്ലപ്പെട്ടിരുന്നു.
ദേര കി ഗലിയും ബുഫൈായിസും ഇടയിലുള്ള സ്ഥലം നിബിന്ധ വനമേഖലയാണ്. രജൗരി-പൂഞ്ച് ജില്ലകളുടെ അതിര്‍ത്തി മേഖലയാണിത്. ഇവിടെയാണ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നത്. സൈന്യം ഇവിടത്തെ ഓപ്പറേഷനുകള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ട്. വ്യാഴാഴ്ച്ച രാത്രി വളരെ വൈകിയിട്ടും ഇവിടെ ഭീകരര്‍ക്കായി തിരച്ചില്‍ നടന്നിരുന്നു.
ദൗത്യത്തിനായി സ്‌പെഷ്യല്‍ ഫോഴ്‌സ് ടീമിനെയാണ് വിന്യസിച്ചത്. പിര്‍ പഞ്ചല്‍ മേഖലയില്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് വര്‍ധിച്ച് വരികയാണ്. ഈ മേഖലയില്‍ 25ഓളം തീവ്രവാദികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications