ബെംഗളൂരു നഗരത്തിലെ റോഡുകളുടെ സ്ഥിതി മോശം; 824 കി.മീയിൽ കുഴികൾ 6000ത്തോളം, കണ്ടെത്തിയത് എഐ

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു. നഗരത്തിലെ ബ്യാട്ടരായണപുര നിയമസഭാ മണ്ഡലത്തിലെ 824 കിലോമീറ്ററോളം റോഡുകളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 6000 കുഴികൾ കണ്ടെത്തിയതായി എഐ അധിഷ്‌ഠിത റോഡ് നിരീക്ഷണ സ്ഥാപനമായ എഐആർ എഐ അറിയിച്ചു. ഒക്ടോബർ 4ന് എക്‌സിൽ പങ്കുവെച്ച വിവരങ്ങളിലൂടെയാണ് സ്ഥാപനം പരിശോധനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

823.5 കിലോമീറ്റർ റോഡുകളിലായി 14 വാർഡുകളിൽ നടത്തിയ പരിശോധനയിൽ ആകെ 5964 കുഴികളാണ് കണ്ടെത്തിയത്. പരിശോധിച്ച റോഡുകളിൽ ഒരു കിലോമീറ്ററിൽ ശരാശരി 7.2 കുഴികളുണ്ടെന്നാണ് കണക്ക്. ബെംഗളൂരു നഗരത്തിലെ ശരാശരി 5.8 കുഴികളേക്കാൾ കൂടുതലാണിത്. റോഡുകളിലെ കുഴികൾക്ക് പുറമെ വിവിധ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കേബിളുകളും മറ്റ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച 4756 സ്ഥലങ്ങളും 501 നീളമേറിയ കുഴികളും പരിശോധനയിൽ കണ്ടെത്തി.

bengaluru

പരിശോധിച്ച പ്രദേശങ്ങളിൽ ജക്കൂർ വാർഡിലാണ് ഏറ്റവും കൂടുതൽ കുഴികൾ കണ്ടെത്തിയത്. ഇവിടെ മാത്രം 939 കുഴികളാണ് രേഖപ്പെടുത്തിയത്. അതേസമയം, ഒരു കിലോമീറ്റർ റോഡിൽ ഏറ്റവും കൂടുതൽ കുഴികളുള്ള വാർഡായി സിംഗപുര മാറി. ഇവിടെ ഒരു കിലോമീറ്ററിൽ ശരാശരി 11.2 കുഴികളാണ് കണ്ടെത്തിയത്. ബ്യാട്ടരായണപുര മണ്ഡലത്തിൽ കണ്ടെത്തിയ കുഴികളുടെ എണ്ണം നഗരത്തിൽ നടത്തിയ ഈ പരിശോധനയുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് എഐആർ എഐ ചൂണ്ടിക്കാട്ടി.

റോഡുകളുടെ പൊതുവായ നിലവാരവും പരിശോധനയിൽ വിലയിരുത്തി. പരിശോധിച്ച റോഡ് ശൃംഖലയുടെ 56.7 ശതമാനം മാത്രമാണ് നല്ല നിലയിലുള്ളതായി കണ്ടെത്തിയത്. 22.2 ശതമാനം റോഡുകളിൽ ചെറിയ തോതിലുള്ള ഉപരിതല തകരാറുകൾ ഉണ്ടായിരുന്നു. ശേഷിക്കുന്ന ഭാഗങ്ങളിൽ ഘടനാപരമായ തകരാറുകൾ, നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ എന്നിവ കണ്ടെത്തുകയോ ചില ഭാഗങ്ങൾ പൂർണമായി ടാർ ചെയ്യാത്ത നിലയിലോ ആയിരുന്നു.

റോഡുകളുടെ അവസ്ഥ മനസിലാക്കാൻ കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും അവ ഭൂപടവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയാണ് എഐആർ എഐയുടെ പരിശോധനാ രീതി. കുഴികൾ, വിള്ളലുകൾ, നിർമാണത്തിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങൾ തുടങ്ങിയവ കണ്ടെത്തി അവയുടെ സ്ഥാനം രേഖപ്പെടുത്തുന്നതിലൂടെ അറ്റകുറ്റപ്പണികൾക്ക് മുൻഗണന നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായിക്കുകയാണ് ലക്ഷ്യം. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലഭ്യമായ പണം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ഇത്തരം വിവരങ്ങൾ സഹായിക്കുമെന്ന് സ്ഥാപനം പറയുന്നു.

ബെംഗളൂരുവിന്റെ മറ്റ് ഭാഗങ്ങളിലും എഐ അടിസ്ഥാനമാക്കിയുള്ള റോഡ് പരിശോധനകൾ നടത്തിയതായി കമ്പനി അറിയിച്ചു. ബെംഗളൂരു ഈസ്‌റ്റിൽ 50 വാർഡുകളിലായി 1600 കിലോമീറ്റർ റോഡുകൾ പരിശോധിച്ച് ഏകദേശം 27,000 കുഴികൾ കണ്ടെത്തിയിരുന്നു. ബെംഗളൂരു നോർത്തിൽ 72 വാർഡുകളിലായി 2494 കിലോമീറ്റർ റോഡുകൾ പരിശോധിച്ചപ്പോൾ ഏകദേശം 14,000 കുഴികൾ കണ്ടെത്തിയതായും സ്ഥാപനം അറിയിച്ചു. കലബുറഗിയിൽ 55 വാർഡുകളിലായി 802 കിലോമീറ്റർ റോഡുകൾ പരിശോധിച്ച് 17,000 കുഴികൾ രേഖപ്പെടുത്തിയതായും എഐആർ എഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവിൽ റോഡുകളുടെ അവസ്ഥ വിലയിരുത്താൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ശ്രമങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്. ബെംഗളൂരു ഈസ്‌റ്റിൽ നടത്തിയ മറ്റൊരു എഐ പരിശോധനയിൽ റോഡുകളുടെ നിലവാരം അടിസ്ഥാനമാക്കി അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകാനും ഓരോ റോഡിനും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകാനും സംവിധാനമൊരുക്കിയിരുന്നു. കുഴികളുടെ സ്ഥാനം, വലുപ്പം, ആഴം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് അറ്റകുറ്റപ്പണിയുടെ ചെലവ് കണക്കാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. റോഡുകളിലെ കുഴികൾ കൃത്യമായി കണ്ടെത്തുന്നതിനൊപ്പം ഏതൊക്കെ റോഡിന്റെ അറ്റകുറ്റപ്പണിക്കാണ് ആദ്യം മുൻഗണന നൽകേണ്ടതെന്ന് തിരിച്ചറിയാനും ഉത്തരവാദിത്തമുള്ള ഏജൻസികളെയും കരാറുകാരെയും കണ്ടെത്താനും ഇത്തരം വിവരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma