കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി എപ്പോഴും നിലകൊള്ളും: പ്രധാനമന്ത്രി
ഡൽഹി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറയുന്നു. ഫ്രാൻസിസ് പാപ്പക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
' ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ദുഃഖത്തിന്റെ ആ അവസരത്തിൽ ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പ എപ്പോഴും നിലകൊള്ളും.

ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം സേവിച്ചു. കഷ്ടപ്പെടുന്നവർക്ക് അദ്ദേഹം പ്രത്യാശയുടെ ചൈതന്യം നൽകി. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചകളെ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കാനാവാത്തതാണ്, ദൈവ സന്നിധിയിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.. , അദ്ദേഹം കുറിച്ചു.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം അറിയിച്ചു.
മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു, മുഖ്യമന്ത്രി കുറിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപ്പാപ്പ. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം. ജനതയെ ഹൃദയത്തോട് ചേർത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയൻ. 21-ാം നൂറ്റാണ്ടിൽ സമാധാനത്തിന്റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാവരേയും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തുന്ന ദൈവ കരത്തിന്റെ ഉടമ കൂടിയായിരുന്നു. സ്വവർഗാനുരാഗികളെ ദൈവത്തിന്റെ മക്കൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഈസ്റ്റർ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമർപ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.
മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു വി ഡി സതീശൻ പറഞ്ഞു.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7. 35 നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം. 88 വയസ്സായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ്. 2013 ലാണ് മാർപാപ്പയായി സ്ഥാനമേൽക്കുന്നത്. കത്തോലിക്ക സഭയുടെ 266 മത്തെ മാർപ്പാപ്പയായിരുന്നു.
ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14 ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്. പൈസഹ വ്യാഴാഴ്ച മാർപാപ്പ റോമിലെ കെയ്ലി ജയിൽ സന്ദർശിച്ചിരുന്നു. ഈസ്റ്ററിന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണയിൽ പാപ്പ വിശ്വാസികൾക്ക് ദർശനം നൽകിയിരുന്നു.












Click it and Unblock the Notifications