ബെംഗളൂരു ബനശങ്കരിയിൽ സ്‌കൈവാക്ക്, ഫ്ലൈഓവർ സാധ്യത ചർച്ചയിൽ; ഒരുമിച്ച് നടപ്പാക്കാൻ ആലോചന
ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ബനശങ്കരി സ്കൈവാക്കും മുൻപ് ആസൂത്രണം ചെയ്‌ത മേൽപ്പാലവും ഒന്നിച്ച് ഏറ്റെടുക്കാനുള്ള നിർദ്ദേശം ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷന്റെ യോഗത്തിൽ ചർച്ചയായി. രണ്ടു പദ്ധതികളും ഒരുമിച്ച് നടപ്പാക്കാനാകുമോയെന്നാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മിഷണർ കെഎൻ രമേശിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ട്രാഫിക് പോലീസ്, ബിഎംആർസിഎൽ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു.
മെട്രോ സ്‌റ്റേഷനും ബിഎംടിസി ബസ് സ്‌റ്റാൻഡും ചുറ്റുമുള്ള റോഡുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ബനശങ്കരിയിൽ ഒരു സംയോജിത മൾട്ടിമോഡൽ ഹബ്ബിന്റെ ആവശ്യകതയെക്കുറിച്ച് സിവിൽ ഉദ്യോഗസ്ഥരും മെട്രോ അധികാരികളും നഗര ആസൂത്രകരും യോഗത്തിൽ വിശദമായി തന്നെ ചർച്ച ചെയ്‌തിരുന്നു. ജംഗ്ഷനിലെ നിർദ്ദിഷ്‌ട മേൽപ്പാലവും ചർച്ചയിൽ കടന്നുവന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യോഗത്തിൽ രണ്ട് നിർദേശങ്ങളും ട്രാഫിക് പോലീസ് അവലോകനം ചെയ്‌തു. ബി സ്മൈലിനോട് വിശദമായ പദ്ധതികൾ സമർപ്പിക്കാനും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് രണ്ട് പദ്ധതികളും ഉൾക്കൊള്ളാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ബനശങ്കരി സ്കൈവാക്ക് വർഷങ്ങളായി ചർച്ചയിലാണ്. 2023-ൽ, പദ്ധതി ചെലവ് 50 കോടി മുതൽ 55 കോടി വരെയായി കണക്കാക്കി, ബിഎംആർസിഎൽ 25 കോടി രൂപ നൽകാൻ സമ്മതിച്ചിരുന്നു.
പിന്നീട് ഭരണമാറ്റത്തെ തുടർന്ന് പദ്ധതി വൈകുകയായിരുന്നു. പ്രതിദിനം 50,000-ലധികം ബിഎംടിസി യാത്രക്കാർ ഉപയോഗിക്കുന്ന തിരക്കേറിയ ജംഗ്ഷനിൽ കാൽനടയാത്ര മെച്ചപ്പെടുത്തുന്നതിനായി വിശ്രമ സ്ഥലങ്ങളും ലാൻഡ്സ്കേപ്പിംഗും സഹിതം 280 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള സ്കൈവാക്കും പദ്ധതിയിൽ നിർദ്ദേശിക്കുന്നുണ്ട്.
ബനശങ്കരി മെട്രോ സ്‌റ്റേഷനും ബിഎംടിസി ടെർമിനലിനും ഇടയിലുള്ള ജംഗ്ഷൻ, തെക്കൻ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് ഹബ്ബുകളിലൊന്നാണ്. മെട്രോയ്ക്കും ബസ് സർവീസുകൾക്കുമിടയിൽ സഞ്ചരിക്കാൻ യാത്രക്കാർ ഇവിടുത്തെ കനത്ത ട്രാഫിക്കിൽ ഇടിച്ചുകയറുന്നതിനാൽ വൻ തിരക്കാണ് പലപ്പോഴും റോഡിൽ അനുഭവപ്പെടുന്നത്.
അതേസമയം, നേരത്തെ സൗത്ത് സിറ്റി കോർപ്പറേഷനും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും നടത്തിയ പഠനങ്ങളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജംഗ്ഷനിലേക്കുള്ള എല്ലാ റോഡുകളെയും ബന്ധിപ്പിക്കുന്ന ഒരു സ്കൈവാക്ക് അനിവാര്യമാണെന്ന് കണ്ടെത്തിയതായി കൺസൾട്ടന്റുകളെയും സിവിക് ബോഡി ചീഫ് എഞ്ചിനീയറേയും ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ബി-സ്മൈൽ ടെക്‌നിക്കൽ ഡയറക്‌ടർ സ്‌കൈവാക്ക് നിർമ്മിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ ഭാവിയിൽ ഓവർ അല്ലെങ്കിൽ അടിപ്പാത നിർമിക്കാനുള്ള സാധ്യതയെ തടസപ്പെടുത്തരുതെന്നും പറഞ്ഞിരുന്നു. ബനശങ്കരി ജംഗ്ഷനിലെ ഗതാഗത തിരക്കിന് ദീർഘകാല ആസൂത്രണം ആവശ്യമാണെന്നും ഭാവിയിലെ മേൽപ്പാലം കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് നിർദ്ദിഷ്‌ട സ്കൈവാക്ക് രൂപകൽപ്പന ചെയ്യേണ്ടതെന്നും ബി സ്‌മൈൽ പറയുന്നു.














Click it and Unblock the Notifications