ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ കിടിലന്‍ പ്രകടനവുമായി പ്രഗ്യാ സിംഗ്, വീല്‍ചെയര്‍ ചോദിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീല്‍ചെയറില്‍ സഞ്ചരിച്ചിരുന്ന ബിജെപി എംപി പ്രഗ്യാ സിംഗ് വീണ്ടും വിവാദത്തില്‍. മലേഗാവ് സ്‌ഫോടന കേസില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജാമ്യത്തില്‍ തുടരുന്ന പ്രഗ്യാ സിംഗ് വീല്‍ചെയറിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാല്‍ എംപി ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പലരെയും ഇത് ഞെട്ടിച്ചിരിക്കുകയാണ്. പന്ത് ഡ്രിബിള്‍ ചെയ്ത് അത് കൃത്യമായി നെറ്റിലെത്തിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇത്.

അതേസമയം വീല്‍ചെയര്‍ എവിടെയെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ബാസ്‌ക്റ്റ്‌ബോളില്‍ ഒരു കൈ നോക്കിയത് നല്ല കാര്യമാണെന്നായിരുന്നു കോണ്‍ഗ്രസ് പരിഹസിച്ചത്. അതുവരെ പ്രഗ്യാ സിംഗിനെ വീല്‍ചെയറിലായിരുന്നു കണ്ടത്. അവര്‍ക്ക് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കുന്നില്ലെന്ന സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പ്രഗ്യയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പറഞ്ഞു.
വൃക്ഷത്തൈ നടുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഭോപ്പാലില്‍ പ്രഗ്യാ സിംഗ് താക്കൂര്‍ എത്തിയത്. ഇതിനിടെ ഒരു ബാസ്‌കറ്റ്‌ബോള്‍ ഗ്രൗണ്ടില്‍ കുറച്ചുപേര്‍ പരിശീലനം നടത്തുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് എംപി കോര്‍ട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് പന്തെടുത്ത് തന്റെ പ്രതിഭ എന്താണെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു. വലത് കൈകൊണ്ട് പന്ത് ഡ്രിബിള്‍ ചെയ്ത് കൃത്യമായി നെറ്റില്‍ എത്തിക്കുകയും ചെയ്തു. പ്രഗ്യയുടെ മികവ് കണ്ട് കൂടി നിന്നവര്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.
Recommended Video
വീല്‍ചെയറിലായിരുന്നു ഇതുവരെ പ്രഗ്യയെ കണ്ടിരുന്നത്. എന്നാല്‍ അവരെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ കണ്ടതില്‍ സന്തോഷം. പരിക്കിനെ തുടര്‍ന്ന് അവര്‍ക്ക് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഈ വീഡിയോ കാണുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു. ദൈവം അവര്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ സമ്മാനിക്കട്ടെയെന്നും നരേന്ദ്ര സലൂജ പറഞ്ഞു. ഫിസിക്കല്‍ എജുക്കേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദവും പ്രഗ്യയ്ക്ക് ഉണ്ടെന്ന് സഹോദരി ഉപമ സിംഗ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ പ്രഗ്യ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications