ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി പ്രഗ്യാന്‍ റോവര്‍
ന്യൂഡല്‍ഹി: ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി പ്രഗ്യാന്‍ റോവര്‍. ഐഎസ്ആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഹൈഡ്രജന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇസ്രൊ അറിയിച്ചു. അതേസമയം ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയതിന് ശേഷമുള്ള നിര്‍ണായക പര്യവേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
പുതിയ വിവരങ്ങള്‍ പുറത്തുവന്നത് ചന്ദ്രനിലെ പര്യവേഷണത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടും. ദക്ഷിണ മേഖലയെ കുറിച്ച് കൂടുതലായി വിവരങ്ങള്‍ അറിയാനും, അതിലൂടെ പഠനം നടത്താനും ഈ ഡാറ്റ സഹായിക്കും. അതേസമയം പ്രഗ്യാന്‍ റോവറിന്റെ സ്‌പെക്ട്രോസ്‌കോപ്പ് അലൂമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മഗ്നീഷ്യം, സിലിക്കോണ്‍, എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ചന്ദ്രനിലെ മണ്ണിലെ ഇവയെല്ലാം ഉണ്ടാവുമെന്ന പ്രതീക്ഷ നേരത്തെ തന്നെ ഐഎസ്ആര്‍ഒയ്ക്കുണ്ടായിരുന്നു. അതുപോലെ തന്നെയാണ് കാര്യങ്ങള്‍ സംഭവിച്ചതെന്നും ഇസ്രൊ അറിയിച്ചു. ലിബ്‌സ് ഉപകരണം ബെംഗളൂരുവിലെ ഇസ്രൊ കേന്ദ്രത്തിലാണ് നിര്‍മിച്ചതെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേഷണം പ്രഗ്യാന്‍ റോവര്‍ ആരംഭിച്ചതായി ഇസ്രൊ ട്വീറ്റ് ചെയ്തിരുന്നു.
ധാതുക്കളെ കണ്ടെത്തുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പെടുത്ത ശാസ്ത്രീയമായ ടെക്‌നിക്കാണ് ലിബ്‌സ്. നേരത്തെ ചന്ദ്രോപരിതലത്തിലെ താപനില അളന്നിരുന്നു ചന്ദ്രയാന്‍ 3. ഓരോ അടി താഴേക്ക് പോകുന്തോറും താപനിലയിലുള്ള മാറ്റവും ഡാറ്റയില്‍ രേഖപ്പെടുത്തിയിരുന്നു. മൈനസ് താപനിലയിലാണ് താഴേക്ക് പോകുന്തോറും അനുഭവപ്പെടുന്നതെന്ന് ഇസ്രൊയുടെ ഗ്രാഫില്‍ നിന്ന് വ്യക്തമായിരുന്നു.
അതേസമയം പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ചേര്‍ന്ന് അടുത്ത ഏഴ് ദിവസം കൂടി ശാസ്ത്രീയമായ പരിശോധന നടത്തും. നിരവധി പരീക്ഷണങ്ങള്‍ക്ക് ചന്ദ്രന്‍ വേദിയാവും. വെള്ളത്തിന്റെ സാന്നിധ്യമുണ്ടോ എന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കും.അതേസമയം വിക്രം ലാന്‍ഡറില്‍ നിന്ന് വേര്‍പെട്ട ശേഷം എട്ട് മീറ്ററോളം സ്ഥലം ഇത് കവര്‍ ചെയ്തുവെന്നാണ് ഇസ്രൊ അറിയിച്ചത്.
ശിവശക്തി ലാന്‍ഡിംഗ് മേഖലയ്ക്ക് ചുറ്റുമാണ് കൂടുതലായി പരിശോധനകള്‍ നടത്തുക. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറിലെ നാല് പേ ലോഡുകളില്‍ ഒന്നായ ചാസ്‌തേയാണ് ഇതിന് സഹായിക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപ വ്യതിയാനങ്ങള്‍ പഠിക്കാനുള്ള ഉപകരണമാണിത്. പത്ത് പ്രത്യേക സെന്‍സറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതല്‍ അവിടുന്ന് 80 മില്ലിമീറ്റര്‍ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യ ഘട്ടത്തില്‍ ഉപകരണം അളന്നത്.












Click it and Unblock the Notifications