പ്രജ്ജ്വല്‍ രേവണ്ണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും; വിഷാദത്തിലാണെന്ന് വിശദീകരണം
ബെംഗളൂരു; ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന ജെഡിഎസ് നേതാവും ഹാസന്‍ എംപി പ്രജ്ജ്വല്‍ രേവണ നാട്ടിലേക്ക് മടങ്ങിയെത്തുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മെയ് 31ന് ഹാജരാകുമെന്ന് പ്രജ്ജ്വല്‍ വ്യക്തമാക്കി. വിവാദം ശക്തമാകുന്നതിനിടെയാണ് പ്രജ്ജ്വല്‍ നിലപാട് വ്യക്തമാക്കിയത്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രജ്ജ്വല്‍ പറഞ്ഞു. അതേസമയം ആരോപണങ്ങളെ തുടര്‍ന്ന് വിഷാദത്തില്‍ അകപ്പെട്ടുവെന്നും അതുകൊണ്ട് ഒറ്റപ്പെട്ടാണ് താമസിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ എവിടെയാണെന്ന് കുടുംബത്തെ അറിയിക്കാതിരുന്നതിന് പ്രജ്ജ്വല്‍ ക്ഷമയും ചോദിച്ചു.

ഏപ്രില്‍ 27നാണ് പ്രജ്ജ്വല്‍ രാജ്യം വിട്ടത്. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ജര്‍മനയിലേക്ക് മുങ്ങിയത്. ലൈംഗിക വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രജ്ജ്വല്‍ ഒളിവില്‍ പോയത്. ഒരു മാസത്തോളം എന്തുകൊണ്ട് ഒളിവില്‍ പോയി എന്നതിനും പ്രജ്ജ്വല്‍ വിശദീകരണം നല്‍കി. ഹാസനിലുള്ള ചില ശക്തികള്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു.
രാഷ്ട്രീയമായി ഞാന്‍ വളരുന്നു എന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഈ ആരോപണങ്ങള്‍ കാരണം ഞാന്‍ വിഷാദത്തില്‍ അകപ്പെട്ടുവെന്നും പ്രജ്ജ്വല്‍ പറഞ്ഞു. എന്നെ തെറ്റിദ്ധരിക്കരുത്. തീര്‍ച്ചയായും മെയ് 31ന് രാവിലെ പത്ത് മണിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും. പോലീസുമായി സഹകരിക്കും. ജുഡീഷ്യറിയെ വിശ്വസിക്കുന്നതായും പ്രജ്ജ്വല്‍ പറഞ്ഞു.പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കും.
തനിക്കെതിരെയുള്ള വ്യാജ കേസുകളെ നേരിട്ട് വിജയിക്കും. ദൈവത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ തനിക്കുണ്ടെന്നും പ്രജ്ജ്വല്‍ പറഞ്ഞു. മെയ് ഒന്നിന് താന്‍ ബെംഗളൂരുവില്‍ ഇല്ലെന്ന് പ്രജ്ജ്വല്‍ ട്വീറ്റ് യെ്തിരുന്നു. പോലീസുമായി തന്റെ അഭിഭാഷകന്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേവഗൗഡയുടെ പേരക്കുട്ടിയാണ് പ്രജ്ജ്വല്‍. ജെഡിഎസ് രാഷ്ട്രീയത്തില്‍ പ്രജ്ജ്വലിനെതിരെയുള്ള ആരോപണങ്ങള്‍ വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പ്രജ്ജ്വലിനോട് മടങ്ങി വരാന്‍ ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ തന്റെ കോപം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹാസനില്‍ നിന്നുള്ള സിറ്റിംഗ് എംപിയായ പ്രജ്ജ്വല്‍, നിലവില്‍ ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്. ബിജെപിയുടെ സഖ്യകക്ഷി കൂടിയാണ് കര്‍ണാടകയില്‍ ജെഡിഎസ്. പ്രജ്ജ്വലിനെതിരെയുള്ള ആരോപണം ബിജെപിക്കും തിരിച്ചടിയായിരുന്നു. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നായിരുന്നു ദേവഗഡൗ കഴിഞ്ഞ ദിവസം പ്രജ്ജ്വലിന് മുന്നറിയിപ്പ് നല്‍കിയത്.
കോണ്‍ഗ്രസ് നേരത്തെ ദേവഗൗഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേവഗൗഡയാണ് പ്രജ്ജ്വലിനെ വിദേശത്തേക്ക് രക്ഷപ്പെടുത്തിയതെന്നായിരുന്നു ആരോപണം. നേരത്തെ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പ്രജ്ജ്വലിനോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications