'ആര്‍എസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല';പ്രകാശ് കാരാട്ട്
കോഴിക്കോട്: സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്. സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണെന്നും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രമാണെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞത്.കോഴിക്കോട് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യക്കാർ എന്ന ഒറ്റ വികാരത്തിൽ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിത്തന്നവരെ നമുക്ക് ആദരിക്കാം. ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാർട്ടി സജീവമായി പങ്കെടുത്തു. എല്ലാ ധാരകളും ചേർനാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. ആർഎസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തിൽ കണ്ടിട്ടില്ല,' പ്രകാശ് കാരാട്ട് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' ക്യാമ്പയിനിൽ പങ്കുചേർന്നത് വലിയ ചർച്ചയായിരുന്നു. ആർഎസ്എസ്. ആർഎസ്എസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം കാവി പതാകയിൽ നിന്നും ദേശീയ പതാകയാക്കി മാറ്റിയിരുന്നു.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്.

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായിട്ടാണ് ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചത്.
2047ൽ വികസിത ഇന്ത്യ എന്നതാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അഞ്ച് പ്രതിജ്ഞകളാണ് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട ഇന്ത്യ യാഥാർഥ്യമാകണമെങ്കിൽ ഈ അഞ്ച് കാര്യങ്ങൾ പ്രയോഗവൽക്കരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു

അടുത്ത 25 വർഷത്തിനകം ഇന്ത്യ വികസിത രാജ്യമാകേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. യുവാക്കൾ അവരുടെ 25 വർഷം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സമർപ്പിക്കണം. മാനവകുലത്തിന്റെ വികസനത്തിന് വേണ്ടി നമുക്ക് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
കൊളോണിയൻ മുൻധാരണകൾ ജനങ്ങൾ മാറ്റിവെക്കണമെന്ന് മോദി അഭ്യർഥിച്ചു. അടിമത്ത മനോഭാവം ഇല്ലാതാക്കണം. മറ്റുള്ളവരെ പോലെയാകാൻ ശ്രമിക്കരുത്. ചില സമയങ്ങളിൽ നമ്മുടെ കഴിവിന് ഭാഷ തടസം നേരിട്ടേക്കാം. രാജ്യത്തെ എല്ലാ ഭാഷകളിലും അഭിമാനം കൊള്ളേണ്ടതുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനമുള്ളവരാകണം ഓരോ ഇന്ത്യക്കാരനുമെന്ന് മോദി പറഞ്ഞു.

നമ്മുടെ പാതകൾ യോജിക്കുമ്പോൾ മാത്രമേ ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കൂവെന്നും നമ്മൾ ഉയർന്ന് പറന്നാൽ മാത്രമേ ലോകത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ഉന്നമനത്തിന് എല്ലാ ഇന്ത്യക്കാരും ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് മോദി അഭ്യർഥിച്ചിരുന്നു.












Click it and Unblock the Notifications