ജയ് ഭീം കണ്ടിട്ടും അവര്‍ക്ക് തോന്നിയത് അത് മാത്രം, അനീതി കണ്ടില്ല, വിമര്‍ശകര്‍ക്കെതിരെ പ്രകാശ് രാജ്
ദില്ലി: ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് പ്രകാശ് രാജ്. നേരത്തെ ചിത്രത്തില്‍ ഹിന്ദി പറഞ്ഞതിന് പ്രകാശ് രാജിന്റെ കഥാപാത്രം ഒരാളുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ടായിരുന്നു ഇതിന്റെ പേരിലാണ് വിവാദമുണ്ടായത്. താന്‍ അഭിനയിച്ച ചിത്രത്തിലെ ഒരു സീനിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നവരുടെ അജണ്ടയാണ് ശരിക്കും തുറന്നുകാണിക്കപ്പെട്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു. ഹിന്ദു വിരുദ്ധ ചിത്രത്തിലാണ് പ്രകാശ് രാജ് അഭിനയിക്കുന്നതെന്ന വിമര്‍ശനങ്ങളായിരുന്നു നേരത്തെ നേരിട്ടത്. അതേസമയം നിരവധി പേരാണ് പ്രകാശ് രാജിനെ പിന്തുണച്ചത്. ഹിന്ദി സീരീസുകളില്‍ തമിഴ് വിരുദ്ധത ഉണ്ടായിട്ടും ആരും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ജയ് ഭീം പോലൊരു ചിത്രം കണ്ടിട്ടും, അവര്‍ കണ്ടെത്തിയത് ഹിന്ദി സംസാരിക്കുന്ന ഒരാളെ അടിക്കുന്നുവെന്നതാണ്. അവര്‍ ഒരിക്കലും ആദിവാസി ജനതയുടെ ദുരിതങ്ങള്‍ കണ്ടതേയില്ല. ആ ചിത്രത്തില്‍ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അനീതിയും അതില്‍ പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ക്ക് തോന്നിയില്ല. അവര്‍ക്കാകെ തോന്നിയത് ഒരാളെ എന്റെ കഥാപാത്രം അടിക്കുന്നുവെന്നാണ്. അതാണ് ഈ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ആകെ മനസ്സിലായിട്ടുള്ളത്. ഇതിലൂടെ അവരുടെ അജണ്ട തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. ചില കാര്യങ്ങള്‍ ഇത്തരത്തില്‍ കാണിക്കേണ്ടതുണ്ടെന്നും പ്രകാശ് രാജ് പറയുന്നു.
ദക്ഷിണേന്ത്യക്കാര്‍ക്ക് ഹിന്ദിയോടുള്ള പ്രശ്‌നം, ആ ഭാഷ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ്. തമിഴ് അറിഞ്ഞിട്ടും ഹിന്ദിയില്‍ സംസാരിക്കുന്ന ഒരു വ്യക്തി ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാ നായിട്ടാണ് അത് ഉപയോഗിക്കുന്നത്. അതിനോട് എങ്ങനെയാണ് ഒരു പോലീസ് ഓഫീസര്‍ പ്രതികരിക്കേണ്ടത്. ഇക്കാര്യം കൃത്യമായി തന്നെ കാണിക്കേണ്ടതുണ്ട്. അതാണ് അതിന്റെ ശരി. ഈ ചിത്രത്തിന് ആസ്പദമായ കാലഘട്ടം 1990കളാണ്. ആ കഥാപാത്രത്തിന് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ ആ വ്യക്തിയും ഇതേ രീതിയില്‍ തന്നെയാവും പ്രതികരിക്കുക. ഇത്രയും തീക്ഷണമായ സീനുകളില്‍ അത്തരം രംഗങ്ങള്‍ വേണ്ടി വരും. അതിനൊപ്പമാണ് താനെന്നും പ്രകാശ് രാജ് പറഞ്ഞു.
ഇത്തരം വിവാദങ്ങളോടൊന്നും പ്രതികരിക്കുന്നതില്‍ തന്നെ യാതൊരു അര്‍ത്ഥവുമില്ല. യഥാര്‍ത്ഥത്തില്‍ ആ മുഖത്തടിക്കുന്ന സീന്‍ വിവാദമാകാന്‍ കാരണം, ആ രംഗത്തില്‍ പ്രകാശ് രാജാണ് അഭിനയിച്ചത് എന്നത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ ഈ വിദ്വേഷ കമന്റുകള്‍ ഇട്ടവരാണ് തുറന്നുകാണിക്കപ്പെട്ടത്. അവരുടെ ലക്ഷ്യം കൃത്യമായി തന്നെ ഇതോടെ മനസ്സിലായി. ആദിവാസി വിഭാഗത്തിന്റെ വേദന അവരെ ചിന്തിപ്പിക്കുന്നില്ലെങ്കില്‍, എനിക്കാകെ പറയാനുള്ളത് നിനക്ക് അത് മാത്രമാണോ ആകെ മനസ്സിലായതെന്നാണ്. ഇത്തരം വിദ്വേഷ പ്രചാരകരോട് പ്രതികരിക്കുന്നതില്‍ തന്നെ അര്‍ത്ഥമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഇരുളര്‍ വിഭാഗത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജയ് ഭീം. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.












Click it and Unblock the Notifications