'ഇത് പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കം'; എഎപിയുടെ തിരഞ്ഞെടുപ്പ് തോൽവിയിൽ കെജ്രിവാളിനെതിരെ പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് പരാജയത്തിൽ എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് മുൻ ആം ആദ്‌മി പാർട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. ഡൽഹിയിലെ പാർട്ടിയുടെ പരാജയത്തിന് കാരണക്കാരൻ അരവിന്ദ് കെജ്രിവാൾ ആണെന്നാണ് പ്രശാന്ത് ഭൂഷന്റെ ആരോപണം. ആം ആദ്‌മി പാർട്ടിയുടെ അന്ത്യത്തിന്റെ തുടക്കമെന്നാണ് തോൽവിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
2015-ൽ എഎപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷൺ കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. അരവിന്ദ് കെജ്രിവാൾ പാർട്ടിയെ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്ന് ഗതിമാറ്റി വെറുമൊരു അഴിമതി പ്രസ്ഥാനമായി ചുരുക്കിയെന്നും ഭൂഷൺ ആരോപിച്ചു. സുതാര്യത, ഉത്തരവാദിത്തം, ബദൽ രാഷ്ട്രീയം എന്നിവയിൽ ഊന്നിയുള്ള എഎപിയുടെ കാഴ്‌ചപ്പാടുകൾ ഉപേക്ഷിച്ചുവെന്നാണ് എക്‌സ് പോസ്‌റ്റിലൂടെ ഭൂഷൺ ആരോപിക്കുന്നത്.

'ബദൽ രാഷ്ട്രീയത്തിനായി രൂപീകരിച്ച ഒരു പാർട്ടി, സുതാര്യവും ഉത്തരവാദിത്തവും ജനാധിപത്യപരവും ആയിരിക്കണമെന്ന് കരുതിയിരുന്ന ആ പാർട്ടിയെ അരവിന്ദ് കെജ്രിവാൾ അതിവേഗം പരമോന്നത ആധിപത്യത്തിലൂടെ സുതാര്യമല്ലാത്തതും അഴിമതി നിറഞ്ഞതുമായ ഒരു പാർട്ടിയായി മാറ്റി.' പ്രശാന്ത് ഭൂഷൺ എക്‌സ് പോസ്‌റ്റിലൂടെ ആഞ്ഞടിച്ചു.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എഎപിക്ക് ഏറ്റവും കൂടുതൽ പഴികേൾക്കേണ്ടി വന്ന ശീഷ്‌മഹൽ വിവാദവും പ്രശാന്ത് ഭൂഷൺ എടുത്തുപറഞ്ഞു. മുഖ്യമന്ത്രിയുടെ വസതി പുതുക്കിപ്പണിയാൻ കെജ്രിവാൾ പൊതുപണം ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇത്. തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും ഇത് ഉയർത്തികാട്ടിയിരുന്നു.
'തനിക്കായി 45 കോടി രൂപ മുടക്കി ശീഷ്‌മഹൽ നിർമ്മിച്ച് ആഡംബര കാറുകളിൽ യാത്ര തുടങ്ങി. എഎപി രൂപീകരിച്ച വിദഗ്‌ധ സമിതികളുടെ 33 വിശദമായ നയ റിപ്പോർട്ടുകൾ അദ്ദേഹം ചവറ്റു കോട്ടയിൽ വലിച്ചെറിഞ്ഞു. സമയമാകുമ്പോൾ പാർട്ടി ഉചിതമായ നയങ്ങൾ സ്വീകരിക്കുമെന്ന് പറഞ്ഞു.' പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
നേരത്തെ സാമൂഹ്യ പ്രവർത്തകനും അരവിന്ദ് കെജ്രിവാളിന്റെ സഹപ്രവർത്തകനുമായിരുന്ന അണ്ണാ ഹസാരെയും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കെജ്രിവാളിന്റെ മുൻ വാഗ്‌ദാനങ്ങൾ ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ അദ്ദേഹത്തെ പരിഹസിച്ചു. കോടികളുടെ വീട്ടിൽ കഴിയുന്നതല്ല സമൂഹത്തിനുവേണ്ടി നല്ല പ്രവൃത്തി ചെയ്യുന്നതാണ് യഥാർത്ഥ സന്തോഷം നൽകുന്ന കാര്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, ഡൽഹിയിൽ ഹാട്രിക് ഭരണം ലക്ഷ്യമിട്ട് എത്തിയ എഎപിക്ക് വൻ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 27 വർഷത്തെ കാത്തിരിപ്പിന് ശേഷം ബിജെപി വീണ്ടും ഡൽഹിയിൽ അധികാരത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ തവണ ലഭിച്ചതിന് പകുതി സീറ്റ് പോലും ഇക്കുറി നേടാൻ എഎപിക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് എഎപിക്ക് എതിരെയും നേതൃത്വത്തിൽ ഇരിക്കുന്ന അരവിന്ദ് കെജ്രിവാളിനെതിരെയും ചോദ്യമുനകൾ ഉയരുന്നത്.












Click it and Unblock the Notifications