പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന് പ്രശാന്ത് കിഷോര്‍; രാഹുല്‍ മതിയെന്ന് നേതാക്കള്‍
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയാകണമെന്ന നിര്‍ദേശവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ച പദ്ധതി രേഖയിലാണ് ഇക്കാര്യമുള്ളതത്രെ. എന്നാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് യോജിച്ചില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്നാണ് ഇവരുടെ അഭിപ്രായം. 2024ലെ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി അധ്യക്ഷനും ഒരാളാകരുത് എന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. രണ്ടും രണ്ട് വ്യക്തികളായാല്‍ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഏപ്രില്‍ 16നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് പ്രശാന്ത് കിഷോര്‍ 2024ലേക്കുള്ള പദ്ധതി സമര്‍പ്പിച്ചത്. വിശദമായ പഠനത്തിന് സോണിയ ഗാന്ധി പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതി പ്രശാന്ത് കിഷോറിന്റെ പല അഭിപ്രായങ്ങളും യോജിക്കാവുന്നതാണെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നുവത്രെ. ഉപദേശകന്റെ റോളില്‍ പ്രശാന്ത് കിഷോര്‍ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്ന് അദ്ദേഹം ചൊവ്വാഴ്ച വ്യക്തമാക്കി. മാത്രമല്ല, കോണ്‍ഗ്രസിന് ആവശ്യം കൂട്ടായ നേതൃത്വമാണ് എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ സമൂലമായ പരിഷ്‌കാരം വേണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. ഒരു വ്യക്തി സ്വതന്ത്രമായി പാര്‍ട്ടിയെ നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പ്രിയങ്ക ഗാന്ധിയെ ആണ് പ്രശാന്ത് കിഷോര്‍ സൂചിപ്പിക്കുന്നത്രെ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തള്ളുകയാണ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടമായ നേതൃത്വമാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിന് വേണ്ടതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചത് വിലയേറിയ നിര്‍ദേശങ്ങളാണ് എന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ശക്തിപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നില്ലെങ്കില്‍ കുഴപ്പമില്ല എന്നാണ് മുന്‍ മന്ത്രി പ്രിയാങ്ക് ഖര്‍ഗെ പ്രതികരിച്ചത്. എന്നാല്‍ പ്രശാന്ത് കിഷോറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് മികച്ച അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് കിഷോറിന്റെ അനുഭവങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസിന് അത് സഹായകരമാകും. എന്നാല്‍ അദ്ദേഹം സഹകരിച്ചില്ലെങ്കില്‍ അത് നഷ്ടമാകില്ല. പ്രശാന്ത് കിഷോര്‍ കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജയിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ട്. തോല്‍വിക്ക് ശേഷം ജയിച്ചുകയറിയ ചരിത്രവും കോണ്‍ഗ്രസിനുണ്ട്. അതിനുള്ള ശക്തിയും കോണ്‍ഗ്രസിനുണ്ടെന്നു പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു.












Click it and Unblock the Notifications