പ്രയാഗ്‌രാജിൽ കുംഭമേള തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; 10 പേർക്ക് ദാരുണാന്ത്യം
ലഖ്‌നൗ: പ്രയാഗ്‌രാജ്-മിർസാപൂർ ഹൈവേയിൽ മെജയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പത്ത് കുംഭമേള തീർത്ഥാടകർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ 10 തീർത്ഥാടകർ മരണപ്പെട്ടതിന് പുറമേ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ കാർ ഹൈവേയിൽ എതിർ ദിശയിൽ നിന്ന് വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഛത്തീസ്ഗഢിൽ നിന്ന് തീർഥാടകരുമായി പോയ ബൊലേറോയാണ് ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോയിലെ 10 യാത്രക്കാരും തൽക്ഷണം കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നിന്നുള്ള 25നും 45നും ഇടയിൽ പ്രായമുള്ള പുരുഷൻമാരാണ് മരണപ്പെട്ടവർ. ഇവരുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തിൽ ബസ് യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുത്ത് വാരാണസിയിലേക്ക് പോകുകയായിരുന്ന മധ്യപ്രദേശിലെ രാജ്ഗഢിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചാണ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 19 ബസ് യാത്രക്കാരെ ചികിത്സയ്ക്കായി രാംനഗർ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ അപകടത്തിന് ഇടയാക്കിയ കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. സംഭവം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി സ്വരൂപ് റാണി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയതായും യമുനാനഗർ ഡിസിപി വിവേക് ചന്ദ്ര യാദവ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
'ഛത്തീസ്ഗഢിൽ നിന്ന് മഹാകുംഭത്തിലേക്ക് ഭക്തർ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. പ്രയാഗ്‌രാജ്-മിർസാപൂർ ഹൈവേയിൽ വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് പിഎസ് മെജയ്ക്ക് അടുത്തായി ഈ അപകടം നടന്നത്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി സ്വരൂപ് റാണി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്' ഡിസിപി അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ തന്റെ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് കൃത്യമായ വൈദ്യസഹായം നൽകാൻ ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്. കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാകുംഭ ഭക്തർ കൊല്ലപ്പെട്ട അടുത്തിടെ ഉണ്ടായ രണ്ടാമത്തെ അപകടങ്ങളിൽ ഒന്നാണ് ഇത്. ഈ ചൊവ്വാഴ്‌ച മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ഹൈവേയിൽ ടെമ്പോ ട്രാവലർ ട്രക്കുമായി കൂട്ടിയിടിച്ച് മഹാ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള ഏഴ് തീർത്ഥാടകർ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications