സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുമില്ല, നിയമസഭാ കാലാവധി കഴിയുന്നത് വരെ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
ചെന്നൈ: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം പുതുച്ചേരിയിലെ സാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കൊണ്ട് രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്. നേരത്തെ രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിന് പിന്നാലെയാണ് കേന്ദ്ര ഭരണ പ്രദേശം കൂടിയായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അതേസമയം മുഖ്യമന്ത്രി നാരായണ സ്വാമി രാജിവെച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനായി ആരും അവകാശവാദമുന്നയിച്ച് എത്തിയില്ല. ഇതോടെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. ഇതുപ്രകാരമാണ് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കോവിന്ദ് ഏര്‍പ്പെടുത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നത് വരെയാണ് രാഷ്ട്രപതി ഭരണം. മൂന്ന് മാസത്തിനുള്ളില്‍ പുതുച്ചേരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെയാവും തിരഞ്ഞെടുപ്പ്.
നേരത്തെ വിശ്വാസ വോട്ടിന് മുമ്പായിരുന്നു നാരായണ സ്വാമി രാജിവെച്ചത്. നിരവധി എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ അംഗസംഖ്യ പതിനൊന്നായി ചുരുങ്ങുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 14 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന് 16 പേരുടെ പിന്തുണ വേണമായിരുന്നു. ആര്‍ക്കും ഇതില്ല. അതുകൊണ്ട് പ്രതിപക്ഷം സര്‍ക്കാരുണ്ടാക്കാനായി രംഗത്ത് വന്നില്ല. നാരായണ സ്വാമി നേരത്തെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനെ കണ്ട് മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചിരുന്നു.
ഒരു പാര്‍ട്ടിയും സര്‍ക്കാരുണ്ടാക്കാനായി രംഗത്ത് വന്നില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. അതേസമയം വൈകാതെ തന്നെ പെരുമാറ്റചട്ടം സംസ്ഥാനത്ത് നിലവില്‍ വരും. നേരത്തെ വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചതായി നാരായണ സ്വാമി ആരോപിച്ചിരുന്നു. കിരണ്‍ ബേദിയും മോദി സര്‍ക്കാരും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications