കൊറോണ രോഗികള്‍ കുറഞ്ഞു; മരണ നിരക്ക് താഴ്ന്നു എന്നും പ്രധാനമന്ത്രി, മരുന്ന് വേഗം ജനങ്ങളിലേക്ക്
ദില്ലി: പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ കാരണമായ മരണ നിരക്കിലും കുറവുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണ മരുന്ന് തയ്യാറായാല്‍ വിതരണം ചെയ്യേണ്ട കാര്യങ്ങള്‍ കൂടി ആസൂത്രണം ചെയ്യാനായിരുന്നു യോഗം.

മരുന്ന് തയ്യാറായാല്‍ വേഗം ജനങ്ങള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ പോലെ മരുന്ന് തയ്യാറായാല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു സംവിധാനം ആവശ്യമാണ്. എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളും ഇതിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊറോണക്കെതിരെ മൂന്ന് മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. രണ്ടു മരുന്നുകള്‍ രണ്ടാംഘട്ടവും ഒന്ന് മൂന്നാംഘട്ടത്തിലേക്കും കടന്നു. അയല്‍രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായും ഇക്കാര്യത്തില്‍ ഇന്ത്യ സഹകരിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തും ക്ലിനിക്കല്‍ ട്രെയല്‍ നടത്തണമെന്ന് ഖത്തര്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അയല്‍രാജ്യങ്ങളെയും മറ്റു രാജ്യങ്ങളെയും സഹായിക്കണമെന്ന് മോദി യോഗത്തില്‍ പറഞ്ഞു.
മരുന്ന് തയ്യാറായാല്‍ സംഭരണം, വിതരണം, വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിലുള്ള പദ്ധതി നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് യോഗത്തില്‍ വിശദീകരിച്ചു. ഈ വിദഗ്ധ സംഘമാണ് സംസ്ഥാനങ്ങളുമായും വിഷയം ചര്‍ച്ച ചെയ്യുന്നത്. മരുന്നുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് മോദി യോഗത്തില്‍ പറഞ്ഞു. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവെടിയരുതെന്നും സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍, ശുചിത്വം പാലിക്കല്‍ എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ച സംഭവിക്കരുതെന്നും മോദി ഉണര്‍ത്തി.












Click it and Unblock the Notifications