പാർലമെന്റിൽ പ്രസംഗിക്കാൻ കഴിയാതെ പ്രധാനമന്ത്രി; വനിതാ എംപിമാരുടെ പ്രതിഷേധം, പരിഹസിച്ച് പ്രിയങ്ക
ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി റദ്ദാക്കി. പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധത്തെ തുടർന്ന് നിരവധി തവണ സഭ നിർത്തിവച്ചതോടെയാണ് സംഭവം. ഇതോടെ പ്രധാനമന്ത്രി മോദിയുടെ മറുപടി ഇല്ലാതെ തന്നെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭ പാസാക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭയിലെ സ്‌തംഭനാവസ്ഥ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ മറുപടിക്കുള്ള സാധ്യത കുറവാണ്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും, മുൻ കരസേനാ മേധാവി എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകവും, എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷനുമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം റദ്ദാക്കുന്നതിലേക്ക് നയിച്ചത്. ഭയം കൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റ് ഒഴിവാക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ നരവാനെയുടെ ഓർമ്മക്കുറിപ്പ് പരാമർശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ചൂടേറിയ തർക്കങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സഭയിൽ തുടരുകയാണ്.

ലോക്‌സഭയിലെ പ്രധാന പാർലമെന്ററി ചടങ്ങായ നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി നൽകേണ്ടിയിരുന്നു. എന്നാൽ, തുടർച്ചയായ പ്രതിഷേധങ്ങളും സഭാ നടപടികൾ പലതവണ മാറ്റിവെച്ചതും സാധാരണ നിലയിലുള്ള പ്രവർത്തനം അസാധ്യമാക്കി. ബഹളം കടുത്തപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം റദ്ദാക്കേണ്ടി വന്നു.
പാർലമെന്റ് ഓഫീസിൽ ഉണ്ടായിരുന്നിട്ടും പ്രധാനമന്ത്രി സഭയിൽ എത്തിയില്ല. പിന്നാലെ കോൺഗ്രസ് വനിതാ എംപിമാരായ വർഷ ഗെയ്‌ക്ക്വാദ്, ജ്യോതിമണി, ആർ സുധ, പ്രതിഭ ധനോർക്കർ എന്നിവർ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേതൃത്വത്തിലുള്ള ബിജെപി എംപിമാർ വനിതാ എംപിമാരെ തടഞ്ഞു. അവർ തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്‌തിരുന്നു.
അതേസമയം നരവനെയുടെ പുസ്‌തകം പരാമർശിക്കുന്നതിൽ നിന്ന് തന്നെ തടയുന്നത് അസൗകര്യമുള്ള വസ്‌തുതകളെ അടിച്ചമർത്തുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി വാദിച്ചു. പ്രധാനമന്ത്രിയുടെ മറുപടി റദ്ദാക്കിയപ്പോൾ രാഹുൽ ഗാന്ധി വീണ്ടും എക്‌സ് പോസ്‌റ്റിലൂടെ ഈ ആരോപണം ആവർത്തിക്കുകയാണ് ചെയ്‌തത് : 'ഞാൻ പറഞ്ഞതുപോലെ, പ്രധാനമന്ത്രി മോദി പാർലമെന്റിൽ വരില്ല, കാരണം അദ്ദേഹത്തിന് ഭയമാണ്, സത്യത്തെ അഭിമുഖീകരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
അതിനിടെ രാഹുൽ ഗാന്ധി പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, താൻ ഗാന്ധി കുടുംബത്തെ തുറന്നുകാട്ടുന്ന നിരവധി പുസ്‌തകങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതോടെ സഭയിൽ പ്രതിഷേധം കടുത്തു. ദുബെ ആ പുസ്‌തകങ്ങളിലെ ഉള്ളടക്കം സഭയിൽ വായിക്കാൻ തുടങ്ങി.
ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പാർലമെന്ററി വിഷയങ്ങളുമായി ബന്ധമില്ലാത്ത പുസ്‌തകങ്ങളോ പത്രങ്ങളോ സഭയിൽ വായിക്കുന്നത് വിലക്കുന്ന 349-ാം ചട്ടം സ്‌പീക്കർ ഓം ബിർളയുടെ നിർദ്ദേശപ്രകാരം പ്രിസൈഡിംഗ് ഓഫീസർ കൃഷ്‌ണ പ്രസാദ് തെന്നെറ്റി ഓർമ്മിപ്പിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ദുബെ വായന തുടർന്നു. ഇത് കൂടുതൽ പ്രതിഷേധങ്ങൾക്കും ലോക്‌സഭ മാറ്റിവെക്കുന്നതിനും കാരണമായി.
സഭയിലെ തടസങ്ങൾ കാരണം, ലോക്‌സഭ ആദ്യം ഉച്ചയ്ക്ക് 2 മണിവരെയും പിന്നീട് പൂർണമായും റദ്ദാക്കുകയുമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ പാർലമെന്റ് മന്ദിരത്തിന് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്‌തതിന് പിന്നാലെ, തന്നെ നിശബ്‌ദനാക്കാനാണ് ശ്രമമെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി സ്‌പീക്കർക്ക് കത്തെഴുതി. അതിനിടെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര സഹോദരൻ രാഹുൽ ഗാന്ധിയുടെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തി. പ്രധാനമന്ത്രിക്ക് പാർലമെന്റിൽ പ്രവേശിക്കാൻ പോലും ഭയമാണെന്ന് അവർ പരിഹസിച്ചു. വനിതാ എംപിമാരുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രി ഭയന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
പ്രധാനമന്ത്രിയുടെ മറുപടി റദ്ദാക്കുകയും സഭാ നടപടികൾ തുടർച്ചയായി മാറ്റിവെക്കുകയും ചെയ്‌തിട്ടും സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തർക്കങ്ങൾക്ക് അയവൊന്നും വന്നിട്ടില്ല. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തെച്ചൊല്ലിയുള്ള വിവാദം ഇപ്പോൾ പാർലമെന്ററി ചട്ടങ്ങൾ, സഭയിലെ അഭിപ്രായ സ്വാതന്ത്ര്യം, ദേശീയ സുരക്ഷാ വിഷയങ്ങൾ എന്നിവയെച്ചൊല്ലിയുള്ള വലിയ രാഷ്ട്രീയ വാദപ്രതിവാദമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications