മോദി ടൂറിസ്റ്റ് പ്രധാനമന്ത്രി, കര്‍ഷകർക്കായി 10 കിലോമീറ്റര്‍ നടക്കാന്‍ പോലും തയ്യാറല്ലെന്ന് പ്രിയങ്ക
ജയ്പൂര്‍: കോണ്‍ഗ്രസ് വീണ്ടും സമരവുമായി തെരുവിലേക്ക്. രാജസ്ഥാനിലെ ജയ്പൂരില്‍ വിലക്കയറ്റത്തിനെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ സമരം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിക്കും രൂക്ഷമായിട്ടാണ് മോദി സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. നമ്മുടെ പ്രധാനമന്ത്രി ടൂറിസ്റ്റാണെന്ന് പ്രിയങ്ക പരിഹസിച്ചു. ലോകം മുഴുവന്‍ നമ്മുടെ സഞ്ചാരിയായ പ്രധാനമന്ത്രി പോയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ പത്ത് കിലോമീറ്റര്‍ പോലും സഞ്ചരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് നമുക്കുള്ള സര്‍ക്കാര്‍ അത്തരത്തിലുള്ളതാണെന്നും പ്രിയങ്ക പറഞ്ഞു. യുപിയില്‍ പരസ്യത്തിനായി കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ചെലവിടുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ജനക്ഷേമം എന്നത് ഒരിക്കലും അജണ്ടയില്‍ ഇല്ലാത്ത കാര്യമാണ്. വമ്പന്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ഉണ്ടാക്കിയ സര്‍ക്കാരിനെയും നയങ്ങളെയും മോദി വ്യവസായികള്‍ക്ക് വിറ്റിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷം മോദി എന്താണ് ചെയ്തതെന്ന് പറയാന്‍ തയ്യാറാകണം. ഒരിക്കലും സത്യം പറയാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണ് അവര്‍ക്കറിയുന്നത്. മതത്തെ കുറിച്ചെല്ലാം അവര്‍ പറയുന്നത് ജനശ്രദ്ധ തിരിക്കാനാണ്. എന്നാല്‍ ഒരിക്കലും വികസനത്തെ കുറിച്ച് അവര്‍ സംസാരിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
കര്‍ഷക സമരത്തിന്റെ വമ്പന്‍ വിജയമാണ് കോണ്‍ഗ്രസിന് വലിയ ആവേശം നല്‍കിയിരിക്കുന്നത്. മോദി സര്‍ക്കാരിനെ സമരത്തിലൂടെ സമ്മര്‍ദത്തിലാക്കാനാവുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. നേരത്തെ ദില്ലിയില്‍ സമരം നടത്താനായിരുന്നു കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ജനജീവിതം വിലക്കയറ്റത്തെ തുടര്‍ന്ന് ദുസ്സഹമാണെന്ന് എനിക്കറിയാം. നിങ്ങളെല്ലാം ഈ റാലിക്കെത്തിയത് ജീവിതം ബുദ്ധിമുട്ടിലായത് കൊണ്ടാണ്. എന്തുകൊണ്ടാണ് ഇത്രയും വിലക്കയറ്റം രാജ്യത്തുള്ളതെന്ന് നിങ്ങള്‍ ചോദിക്കണം. അത് നിങ്ങളുടെ കടമയാണ്. സര്‍ക്കാരിന് നിങ്ങളോട് ഉത്തരവാദിത്തമുണ്ട്. അത് പോലെ നിങ്ങള്‍ക്കും അതുണ്ടാവണമെന്നും പ്രിയങ്ക പറഞ്ഞു.
ഇത് എന്റെയും രാഹുലിന്റെയും പോരാട്ടമാണ്. നിങ്ങളെല്ലാവരും ഞങ്ങളോടൊപ്പം ചേര്‍ന്ന് പോരാടണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം ചടങ്ങില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയും ശക്തമായി ഹിന്ദുത്വത്തിനെതിരെ റാലിയില്‍ രംഗത്ത് വന്നു. ഞാനൊരു ഹിന്ദുവാണ്. എന്നാല്‍ ഹിന്ദുത്വവാദിയല്ല. നിങ്ങളെല്ലാവരും ഹിന്ദുക്കളാണ്. മഹാത്മാ ഗാന്ധി ഹിന്ദുവാണ്. എന്നാല്‍ നാഥുറാം ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഗാന്ധി ജീവിതം മുഴുവന്‍ സത്യത്തെയാണ് തേടി കൊണ്ടിരുന്നത്. എന്നാല്‍ ഹിന്ദുത്വവാദിയായ ഗോഡ്‌സെ മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിക്ക് നേരെ ഉതിര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications