പ്രിയങ്ക ഗാന്ധി വീണ്ടും കസ്റ്റഡിയില്‍; യോഗി എന്തിനാണ് ഭയക്കുന്നതെന്ന് പ്രിയങ്ക... യുപി കലങ്ങിമറിയുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ആഗ്രയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു അവര്‍. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ആദ്യ ടോള്‍ പ്ലാസയില്‍ വച്ച് പ്രിയങ്കയുടെ വാഹനം തടയുകയും അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്തിനാണ് യോഗി സര്‍ക്കാര്‍ ഭയക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് ലഖീംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്ന വേളയില്‍ പ്രിയങ്കയെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സമ്മര്‍ദ്ദവും പ്രതിഷേധവും കാരണം അവരെ വിട്ടയച്ചു. ഇപ്പോള്‍ ആഗ്രയിലേക്കുള്ള യാത്രക്കിടയിലാണ് പോലീസ് നടപടി. വളരെ കടുത്ത ഭാഷയില്‍ അവര്‍ യോഗി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ അറിയാം...

ഒരു മാസത്തിനിടെ രണ്ടാംതവണയാണ് യുപി പോലീസ് പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. പ്രിയങ്കയെ പോലീസ് ലഖ്‌നൗവിലെ പോലീസ് ലൈനിലേക്ക് മാറ്റി. ഞാന്‍ ഓഫീസിലേക്കോ വീട്ടിലേക്കോ പോകുകയാണെങ്കില്‍ പോലീസിന് കുഴപ്പമില്ല. മറ്റു ഇടപെടല്‍ നടത്തുമ്പോഴാണ് പോലീസുകാര്‍ തമാശ തുടങ്ങുന്നത്. എന്താണിതെന്ന് പ്രിയങ്ക ചോദിക്കുന്നു.

പ്രതിസന്ധിയിലായ ജനങ്ങളെ സന്ദര്‍ശിക്കാനാണ് ഞാന്‍ പോകുന്നതെന്നും പ്രിയങ്ക പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഉടനെയാണ് പ്രിയങ്ക ഇത്രയും കാര്യങ്ങള്‍ പ്രതികരിച്ചത്. മോഷണക്കേസില്‍ പ്രതിയെന്ന് ആരോപിച്ച് യുപി പോലീസ് അറസ്റ്റ് ചെയ്ത അരുണ്‍ വാല്‍മീക്കി എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. അരുണിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക ആഗ്രയിലേക്ക് പുറപ്പെട്ടത്.

അരുണിനെ പോലീസ് കൊലപ്പെടുത്തി എന്നാണ് കുടുംബം ആരോപിക്കുന്നത്. നീതി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ആ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഞാന്‍ പുറപ്പെട്ടത്. എന്തിനാണ് യുപി സര്‍ക്കാര്‍ ഭയപ്പെടുന്നത്. എന്തിന് എന്നെ തടഞ്ഞു. ഇന്ന് വാല്‍മീക്കി ജയന്തിയാണ്. പ്രധാനമന്ത്രി മോദി ബുദ്ധനെ കുറിച്ച് ഏറെ സംസാരിച്ചു. എന്നാല്‍ അതിന് വിരുദ്ധമായ കാര്യങ്ങളാണ് യുപിയില്‍ നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ആഗ്രയില്‍ കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക അനുമതി വാങ്ങിയില്ല എന്നാണ് പോലീസ് അറിയിച്ചത്. പ്രിയങ്ക ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പോലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവര്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ പോലീസുകാര്‍ പ്രിയങ്കയുടെ വാഹനത്തിന് മുന്നില്‍ നില്‍ക്കുന്നതും കാണാം.

പോലീസുകാരുമായി പ്രിയങ്ക തര്‍ക്കിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഞാനെവിടെ പോകുമ്പോഴും പോലീസില്‍ നിന്ന് അനുമതി വാങ്ങണമോ എന്നാണ് പ്രിയങ്ക ചോദിക്കുന്നത്. ഇത് ക്രമസമാധാന വിഷയമാണ് എന്ന് പോലീസുകാര്‍ മറുപടി പറയുന്നതും കേള്‍ക്കാം. എന്താണ് പ്രശ്‌നം, ഒരാള്‍ മരിച്ചു. അവിടെ എന്താണ് ക്രമസമാധാന പ്രശ്‌നമെന്ന് പറഞ്ഞുതരൂ എന്ന് പ്രിയങ്ക തിരിച്ചുചോദിക്കുകയും ചെയ്യുന്നു.

അതിനിടെ പ്രിയങ്ക ഗാന്ധി വനിതാ പോലീസുകാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോകളും വന്നിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് അടുത്തായി പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം. അതേസമയം, അരുണ്‍ വാല്‍മീക്കിയടെ മരണം യുപിയില്‍ വലിയ വിവാദമായി മാറുകയാണ്.
ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്‍; ലോഹിതദാസിന്റെ നടക്കാതെ പോയ സ്വപ്നം

മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അരുണ്‍ വാല്‍മീക്കി ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിക്കുകയാണ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആഗ്ര എസ്എസ്പി മുനിരാജ് പറയുന്നു. പോലീസ് സ്‌റ്റേഷന്റെ എവിഡന്‍സ് ലോക്കറുള്ള കെട്ടിടത്തില്‍ നിന്ന് പണം മോഷ്ടിച്ചു എന്നാണ് അരുണ്‍ വാല്‍മീക്കിക്കെതിരായ പരാതി. ഈ കെട്ടിടത്തില്‍ ശുചീകരണ തൊഴിലാളിയാണ് അരുണ്‍ വാല്‍മീക്കി.












Click it and Unblock the Notifications