യോഗിയുടെ കോട്ടയിലേക്ക് പ്രിയങ്ക, പൂര്‍വാഞ്ചലില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, ലക്ഷ്യം ബ്രാഹ്മണ വോട്ടുകള്‍
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് ഇന്ന് കരുത്ത് വര്‍ധിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോട്ടയിലേക്കാണ് പ്രിയങ്കയുടെ ചുവടുവെപ്പ്. ഇന്ന് ഗൊരഖ്പൂരിലാണ് പ്രിയങ്കയുടെ റാലി. യുപി രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ റാലി. യോഗിയുടെ തട്ടകത്തില്‍ അദ്ദേഹത്തിനുള്ള പിന്തുണ കുറയുന്നുവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രധാനമായും താക്കൂര്‍ വിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന യോഗിയുമായി ബ്രാഹ്മണ വിഭാഗം അകന്ന് നില്‍ക്കുകയാണ്. എന്നാല്‍ ആ അതൃപ്തി പൂര്‍ണമായി മുതലെടുക്കാന്‍ ഇതുവരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടുമില്ല. കോണ്‍ഗ്രസ് ഈ മേഖലയെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് ശ്രമിക്കുന്നത്.

കൂടുതല്‍ ബ്രാഹ്മണ-ദളിത് വിഭാഗം നേതാക്കളെ മത്സരിപ്പിക്കാനും പ്രിയങ്ക തീരുമാനിച്ചതായിട്ടാണ് വിവരം. അതേസമയം യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച മണ്ഡലമാണ് ഗൊരഖ്പൂര്‍. ഇവിടെ ഗൊരഖ്‌നാഥ് മഠം യോഗിയുടെ ശക്തികേന്ദ്രം കൂടിയാണ്. പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്ന് ബീഹാറി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പ്രിയങ്കയുടെ ശ്രമം. ഒക്ടോബര്‍ പത്തിന് വാരണാസിയില്‍ റാലി നടത്തിയിരുന്നു പ്രിയങ്ക. അതില്‍ നിന്ന് തന്നെ പൂര്‍വാഞ്ചല്‍ മേഖല കോണ്‍ഗ്രസ് തിരിച്ചുവരവിന് ലക്ഷ്യമിടുന്നതാണെന്ന് വ്യക്തമായിരുന്നു. ബ്രാഹ്മണ വോട്ടുകള്‍ മുമ്പ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. ഇനി അത് തിരിച്ചുപിടിക്കാന്‍ പ്രിയങ്കയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ കോണ്‍ഗ്രസിന് മുന്നില്‍ ഇല്ല.
ഗൊരഖ്പൂരില്‍ പെട്ടെന്ന് എത്തി റാലി നടത്തുന്നതല്ല പ്രിയങ്ക. യുപി കോണ്‍ഗ്രസിന്റെ വലിയൊരു ടീം സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. റാലിക്കായുള്ള അനുകൂല അന്തരീക്ഷമാണ് ഇവര്‍ ഒരുക്കുന്നത്. പ്രിയങ്കയ്ക്ക് പുറമേ ജനപ്രീതിയുള്ള നേതാക്കളെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് എല്ലാ പോരാട്ടങ്ങളും പ്രിയങ്കയില്‍ കേന്ദ്രീകരിക്കുന്നത്. കോണ്‍ഗ്രസ് പൂര്‍വാഞ്ചല്‍ മേഖലയിലെ കര്‍ഷകര്‍ക്കായി പഞ്ചസാര മില്ലുകള്‍ തുറന്നു. കനാലുകള്‍ നിര്‍മിച്ച ഗണ്ഡക് നദിയിലെ ജലം ഉപയോഗിക്കാനായി അനുമതിയും നല്‍കിയിരുന്നുവെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാണ് പൂര്‍വാഞ്ചലിനെ പിന്നോട്ട് നയിച്ചതെന്നും ലല്ലു വ്യക്തമാക്കി.
ഗൊരഖ്പൂരില്‍ വെച്ച് കോണ്‍ഗ്രസിന്റെ നാലാമത് പ്രതിജ്ഞ യാത്രയാണ് ആരംഭിക്കാന്‍ പോകുന്നത്. ദീപാവലിക്ക് ശേഷമായിരിക്കും ഈ യാത്ര തുടങ്ങുക. പ്രിയങ്കയുടെ പ്രഖ്യാപനങങള്‍ ഈ മേഖലയിലെ ജനങ്ങളെ അറിയിക്കാനാണ് പ്രതിജ്ഞ യാത്ര. പന്ത്രണ്ടാം ക്ലാസിലെ പെണ്‍കുട്ടികള്‍ പാസായാല്‍ അവര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രിയങ്ക ഉറപ്പുനല്‍കിയിട്ടുണ്ട്. ബിരുദം പാസായവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടിയാണ് മറ്റൊരു വാഗ്ദാനം. വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം ഇളവും നല്‍കും. കൊവിഡ് കാലഘട്ടതിലെ വൈദ്യുതി ബില്ലുകള്‍ക്കും ഇളവ് നല്‍കും. കൊവിഡ് ജീവിതം തകര്‍ത്ത ദരിദ്ര കുടുംബങ്ങള്‍ക്ക് 25000 രൂപ ധനസഹായമായി നല്‍കും. പത്ത്‌ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി നല്‍കും എന്നിവയാണ് പ്രഖ്യാപനങ്ങള്‍.












Click it and Unblock the Notifications