റായ്ബറേലിയില്‍ സസ്‌പെന്‍സ്, ട്രബിള്‍ഷൂട്ടറെ ഇറക്കുമോ കോണ്‍ഗ്രസ്; പ്രിയങ്കയ്ക്കായി കാത്തിരിപ്പ്
കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി ഇപ്പോള്‍ ഒരു ട്രബിള്‍ ഷൂട്ടറെ ലഭിച്ചിരിക്കുകയാണ്. ഡികെ ശിവകുമാറാണെന്ന് കരുതേണ്ട. ഇപ്പോഴത് പ്രിയങ്ക ഗാന്ധിയാണ്. ഉത്തര്‍പ്രദേശില്‍ സഖ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി വന്നപ്പോള്‍ പ്രിയങ്കയുടെ നിര്‍ണായക ഇടപെടലാണ് കോണ്‍ഗ്രസിനെ രക്ഷിച്ചത്. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ വീഴുമെന്ന ഘട്ടം വന്നപ്പോള്‍ രക്ഷയായതും പ്രിയങ്ക തന്നെയാണ്.
ഇത്തരമൊരു പേര് അപ്രതീക്ഷിതമായിട്ടാണ് പ്രിയങ്കയെ തേടി വന്നത്. പക്ഷേ റായ്ബറേലി എന്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളാണ് ഇതോടെ സജീവമായിരിക്കുന്നത്. സോണിയാ ഗാന്ധി ഇവിടെ നിന്ന് മാറിയതോടെ പ്രിയങ്ക മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസ് റായ്ബറേലിയുടെ കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. പ്രിയങ്ക മത്സരിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. പക്ഷേ പ്രിയങ്ക സജീവമായി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ പുതിയ സാരഥിയാവുന്നതിന്റെ സൂചനയാണ്. പ്രിയങ്ക ഹിമാചലില്‍ ഇടപെട്ട രീതി പ്രവര്‍ത്തകരുടെ എല്ലാം ആത്മവിശ്വാസം ഉയര്‍ത്തുന്ന തരത്തിലായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി പ്രിയങ്ക നിരന്തരം ബന്ധപ്പെട്ടിരുന്നു. സുഖ്‌വീന്ദര്‍ സുഖിനെയും മുതിര്‍ന്ന നേതാക്കളെയും ഒന്നിച്ച് നിര്‍ത്താനും പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തിയ വിക്രമാദിത്യ സിംഗ് വരെയും പ്രിയങ്ക ഗാന്ധിയെയാണ് വിശ്വാസത്തിലെടുത്തത്. വിക്രമാദിത്യ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്.
അതേസമയം യുപിയില്‍ സഖ്യം വന്നത് പ്രിയങ്ക ഗാന്ധി നേരിട്ട് അഖിലേഷിനെ വിളിച്ച് കൊണ്ടാണ്. ഇരുവരും തമ്മില്‍ ഫോണിലൂടെയാണ് ധാരണയിലെത്തിയത്. ഇക്കാര്യം എഐസിസി യുപി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ സ്ഥിരീകരിക്കുകയും ചെയ്തു. യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ പ്രിയങ്കയോട് നന്ദി പറയുകയാണ്.
ബിജെപിയെ വീഴ്ത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കുകയാണ് പ്രിയങ്കയെന്ന് അവിനാശ് പാണ്ഡെ പറഞ്ഞു. അത്തരത്തില്‍ പ്രവര്‍ത്തകരുടെയും സഖ്യകക്ഷികളുടെയും വിശ്വാസം ഒരുപോലെ നേടിയ നേതാവ് തന്നെ റായ്ബറേയില്‍ മത്സരിക്കണമെന്നാണ് ആവശ്യം. അത് കോണ്‍ഗ്രസില്‍ പ്രിയങ്ക മാത്രമാണ് ഉള്ളത്.
പ്രിയങ്കയ്ക്ക് റായ്ബറേലിയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. ഗാന്ധി കുടുംബമല്ലാതെ മറ്റാരെങ്കിലും ഇവിടെ മത്സരിച്ചാല്‍ വിജയിക്കാനുള്ള സാധ്യതയും കുറവാണെന്ന് വിലയിരുത്തലുണ്ട്. ഇന്ദിരയുടെ മണ്ഡലമെന്ന നിലയിലും പ്രിയങ്ക റായ്ബറേലിയെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ പോസ്റ്ററുകളാണ് റായ്ബറേലിയില്‍ ഉയര്‍ന്നത്.
പ്രിയങ്ക മത്സരിച്ചാല്‍ മനോജ് കുമാര്‍ പാണ്ഡെയെ ആയിരിക്കും നേരിടേണ്ടി വരിക. ഉന്‍ചാഹറില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. എസ്പിയുടെ മുന്‍ ചീഫ് വിപ്പായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം രാജിവെച്ചത്. ബിജെപി അദ്ദേഹത്തെ റായ്ബറേലിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും. കോണ്‍ഗ്രസിന്റെ യുപിയിലെ ഏക സീറ്റാണിത്.












Click it and Unblock the Notifications