ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം ശക്തം; എഎപി നേതാക്കളെ അറസ്‌റ്റ് ചെയ്‌തു നീക്കി, പ്രതിഷേധിച്ച് സിപിഎം
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തിയ ആം ആദ്‌മി പാർട്ടി നേതാക്കളായ സൗരഭ് ഭരദ്വാജിനെയും എംഎൽഎ സഞ്ജീവ് ഝായെയും ഉൾപ്പെടെ അമ്പതോളം പേരെ ഡൽഹി പോലീസ് കസ്‌റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ എത്തിയത്.
ഇന്ന് രാവിലെയോടെ തന്നെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിന് സമീപം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ന്യൂഡൽഹി ജില്ലയിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 163ാം വകുപ്പ് പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിക്കുകയും ചെയ്‌തിരുന്നു. അനുമതിയില്ലാത്ത കൂട്ടായ്‌മകൾ, പ്രകടനങ്ങൾ, ധർണകൾ, മുദ്രാവാക്യം വിളിക്കൽ തുടങ്ങിയവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

തുടർന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിയ സൗരഭ് ഭരദ്വാജിനെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. താനും സഞ്ജീവ് ഝായും സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കസ്‌റ്റഡിയിലെടുത്തതെന്ന് ഭരദ്വാജ് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. പ്രതിഷേധം സമാധാനപരമായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ജന്തർ മന്തറിന് ചുറ്റുമുള്ള മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് നെറ്റ്‌വർക്ക് സേവനങ്ങൾ മന്ദഗതിയിലായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇന്ന് രാത്രി 9 മണി വരെ ഇവിടെ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.
അതിനിടെ ജന്തർ മന്തറിന് സമീപം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും സമാനമായ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ജനങ്ങളുടെ വോട്ടുകൾ വെട്ടിക്കുറയ്ക്കുന്നത് ക്രിമിനൽ പ്രവർത്തനമാണെന്നും അതിന്റെ പേരിൽ ഗ്യാനേഷ് കുമാറിനെ അറസ്‌റ്റ് ചെയ്യണമെന്നും എംഎ ബേബി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സിപിഎം നേതൃത്വത്തിൽ പ്രവർത്തകർ ജന്തർ മന്തറിന് സമീപം സംഘടിച്ചത്.
തിരഞ്ഞെടുപ്പ് പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമാണ് പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങളായി പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും ഉന്നയിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.


Click it and Unblock the Notifications
