കോണ്‍ഗ്രസും ബിജെപിയുമല്ല, പഞ്ചാബിൽ തരംഗം മറ്റൊന്ന്; പാർട്ടി വിട്ടതിന് പിന്നാലെ വെളിപ്പെടുത്തി അശ്വനി കുമാർ
ദില്ലി : കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് മുന്‍ നിയമമന്ത്രി അശ്വനി കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത് . കോണ്‍ഗ്രസിന്റെ ദേശീയ വക്താവായി പ്രവര്‍ത്തിച്ച അദ്ദേഹം അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു . 3 7ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ അഡിഷണല്‍ സോളിസിറ്റര്‍ ജനറലായി അദ്ദേഹം നിയമിതനായിരുന്നു . അശ്വനി കുമാറിന്റെ ഇപ്പോഴത്തെ രാജി കോണ്‍ഗ്രസിനെ കൂടാതെ ഗാന്ധി കുടുംബത്തിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് .

രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ആം ആദ്മി പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പഞ്ചാബിലുടനീളം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ തരംഗമുണ്ടെന്ന് അശ്വനി കുമാര്‍ പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പിലെ അടിസ്ഥാന സാഹചര്യത്തെക്കുറിച്ചുള്ള എന്റെ ധാരണ, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും എ എ പി അധികാരത്തില്‍ വരികയും ചെയ്യുന്നു എന്നാണെന്ന് അദ്ദേഹം പറഞ്ഞു.

'ഞാനൊരു ജ്യോതിഷിയല്ല, എന്നാല്‍ ഞാന്‍ ഭൂമിയില്‍ കാണുന്നത് ഞാന്‍ പറയുന്നു. പഞ്ചാബില്‍ ഒരു തരംഗം ഉണ്ടാക്കിയെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാന്‍ പഞ്ചാബില്‍ നിന്ന് നാലഞ്ചു മണിക്കൂര്‍ മുമ്പേ വന്നതാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പേര് ആരും കേള്‍ക്കാത്ത സീറ്റുകളില്‍ പോലും തരംഗം വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ കുറിച്ചാണ് ആളുകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമായിരുന്ന ഗ്രാമപ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നത്. എനിക്ക് പ്രവചിക്കാന്‍ കഴിയില്ല, എന്നാല്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, അശ്വനി കുമാറിന്റെ രാജിയില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്നു അശ്വനി കുമാര്‍. വളരെ ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ എന്റെ അന്തസ്സ് കണക്കിലെടുത്ത് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് അശ്വനി കുമാര്‍ പറഞ്ഞത്.

പാര്‍ട്ടിക്ക് പുറത്ത് ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ തനിക്ക് സാധിക്കുമെന്നും 46 വര്‍ഷത്തെ നീണ്ട ബന്ധത്തിന് ശേഷമാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു അശ്വിനി കുമാര്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ അശ്വനി കുമാര്‍ രാജിവച്ചത് വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്നത്. പെട്ടെന്നുള്ള അശ്വനി കുമാറിന്റെ രാജി നേതൃത്വത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാലും ജനസേവനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ അശ്വനി കുമാറിനെ ഒതുക്കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് ശേഷം പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ് അശ്വനി കുമാര്‍. സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ നേതാവാണ് അശ്വനി കുമാര്‍. ജി 23 നേരത്തെ നേതൃത്വത്തിനെതിരെ സോണിയക്ക് കത്തയച്ചപ്പോള്‍ സോണിയയെ പിന്തുണച്ചവരിലൊരാളാണ് അശ്വനി കുമാര്‍. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട് അശ്വനി കുമാര്‍ .












Click it and Unblock the Notifications