കത്തെഴുതിയവര്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങള്‍....തുറന്നടിച്ച് പഞ്ചാബ് അധ്യക്ഷന്‍, കോണ്‍ഗ്രസില്‍ പോര്!
അമൃത്‌സര്‍: സോണിയാ ഗാന്ധിക്ക് അയച്ച കത്തിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങള്‍ പഞ്ചാബ് കോണ്‍ഗ്രസിലേക്കും. നേതാക്കള്‍ക്ക് സ്വയം അരക്ഷിതാവസ്ഥ തോന്നിയത് കൊണ്ടും, കൂടുതല്‍ രാഷ്ട്രീയപരമായ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ഉള്ളത് കൊണ്ടാണ് സോണിയക്ക് കത്തയച്ചതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജക്കര്‍ പറഞ്ഞു. കത്തയച്ചവരുടെ പ്രസ്താവനകളാണ് കൂടുതല്‍ അസംബന്ധം. അവര്‍ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരിക്കലും തിരഞ്ഞെടുപ്പിന്റെ ഭാഗമാകാത്തവരാണ് ഇപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്നതെന്നും ജക്കര്‍ പറഞ്ഞു.

22 നേതാക്കള്‍ അയച്ച കത്തില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്ന് ജക്കര്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടാക്കുന്നതില്‍ അവര്‍ രാഹുല്‍ ഗാന്ധിയെയാണ് ലക്ഷ്യമിട്ടത്. അതിനായി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്നു. മറ്റൊരു വശത്ത് ബ്ലോക് തലം മുതല്‍ ദേശീയ തലം വരെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇതേ നേതാക്കള്‍ പറയുന്നു. ഇതെല്ലാം കോവിഡ് ഭീതിക്കിടയിലാണ് നടത്തേണ്ടതെന്നും അവര്‍ ഓര്‍ക്കുന്നില്ല. ഇതെല്ലാം അവരുടെ ഇരട്ടത്താപ്പല്ലേ. ഈ തിരഞ്ഞെടുപ്പ് നടന്നാലും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലേ എന്ന് ജക്കര്‍ ചോദിച്ചു.
പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ചില നേതാക്കള്‍ ഗൗരവമായി അക്കാര്യം ശരിയാണോ എന്ന് പരിശോധിക്കണം. ഇവര്‍ പദവികള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഇത് നിരാശയില്‍ നിന്നും ദൈര്‍ബല്യത്തില്‍ നിന്നുമാണ് വരുന്നത്. 2018ലെ പാര്‍ട്ടുടെ യോഗത്തില്‍ ഇവര്‍ എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും ഉന്നയിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടതോ അല്ലാത്തതോ ആയ ഒരു നേതാവ് തനിക്ക് പറയാനുള്ളത് ധൈര്യത്തോടെ പറയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, നേതാവിന് വര്‍ക്കിംഗ് കമ്മിറ്റിയില്‍ തുടരാന്‍ അധികാരമില്ല. കുറച്ച് നേതാക്കള്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടെന്നും, എത്ര ഉന്നത പദവിയിലാണ് അവര്‍ ഇരിക്കുന്നതെന്ന് മറന്നുപോയെന്നും ജക്കര്‍ കുറ്റപ്പെടുത്തി.
ഈ സീനിയര്‍ നേതാക്കള്‍ക്കൊന്നും പാര്‍ട്ടിയിലെ അംഗത്വം കൊണ്ടോ അതോ പാര്‍ലമെന്റിലെ പദവി കൊണ്ടോ അല്ല ഇതൊന്നും ലഭിച്ചത്. അവരുടെ പരിചയസമ്പത്തും പാര്‍ട്ടിക്കുള്ള സംഭാവനയും പരിഗണിച്ചാണെന്നും ജക്കര്‍ പറഞ്ഞു. ഉന്നത പദവികള്‍ വഹിക്കുന്നവര്‍ രാജ്യസഭാ കാലാവധി അവസാനിച്ചാല്‍ നിങ്ങളുടെ പദവികളൊന്നും നഷ്ടമാകില്ലെന്ന് മനസ്സിലാക്കണമെന്നും ജക്കര്‍ വ്യക്തമാക്കി. ഇത് ഗുലാം നബി ആസാദിന്റെ പേര് പറയാതെയുള്ള വിമര്‍ശനമാണ്. കൂട്ടായ നേതൃത്വം തന്നെയാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളത്. ഈ കത്തെഴുതിയ നേതാക്കളില്‍ പോലും പാര്‍ട്ടി വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. ഇവരുടെ രാജ്യസഭയിലെ പരിചയസമ്പത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സുനില്‍ ജക്കര്‍ പറഞ്ഞു.












Click it and Unblock the Notifications