'ജീവനോടെ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയല്ലോ'; പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെട്ട മോദി പറഞ്ഞത്...
ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ നേരിട്ടത് അസാധാരണ സാഹചര്യം. കര്‍ഷക സംഘടനകളുടെ പ്രതിഷേധം കാരണം വലിയ റോഡ് തടസമുണ്ടായി. നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത് 20 മിനുട്ടോളം. ഉടന്‍ ഉദ്യോഗസ്ഥരും എന്‍എസ്ജി കമാന്റോകളും മോദിയുടെ വാഹനത്തിന് ചുറ്റും സുരക്ഷാ വലയം തീര്‍ത്തു. സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. സുരക്ഷാ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി പറഞ്ഞു.
മോദി പങ്കെടുക്കുന്ന റാലിക്ക് ആരും വന്നിരുന്നില്ലെന്നും അതുകൊണ്ടാണ് റാലി റദ്ദാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. ഞാന്‍ ജീവനോടെ വിമാനത്താവളത്തില്‍ എത്തിയല്ലോ എന്നായിരുന്നു നരേന്ദ്ര മോദിയുടെ ആശ്വാസത്തോടെയുള്ള പ്രതികരണം. വലിയ വിവാദങ്ങള്‍ക്കാണ് പഞ്ചാബ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെട്ട് നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം ഫിറോസ്പൂരിലേക്ക് പോയില്ല. മോദി പങ്കെടുക്കേണ്ട ഫിറോസ്പൂരിലെ റാലി റദ്ദാക്കി. വാഹനവ്യൂഹം കുതിച്ചത് ബതിന്‍ഡ വിമാനത്താവളത്തിലേക്ക്. ഞാന്‍ ജീവനോടെ ഇവിടെ എത്തിയല്ലോ, നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദിയുണ്ട്... എന്നായിരുന്നു വിമാനത്താവളത്തില്‍ എത്തിയ മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിക്കെതിരെ പഞ്ചാബില്‍ വലിയ പ്രതിഷേധമാണ് ഇന്ന് നടന്നത്. മോദി വരുന്ന ഫ്‌ളൈ ഓവര്‍ സമരക്കാര്‍ തടയുകയായിരുന്നു. ഇതോടെ പാലത്തില്‍ വാഹനവ്യൂഹം കുടുങ്ങി. മോദിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് സ്വാകാര്യ വാഹനങ്ങള്‍ എത്തുന്ന സാഹചര്യവുമുണ്ടായി. ഉടന്‍ എന്‍എസ്ജി കമാന്റോകള്‍ ഇടപെട്ട് സുരക്ഷ ഒരുക്കുകയായിരുന്നു.

മോദിയുടെ യാത്രയ്ക്ക് മതിയായ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയില്ല എന്നാണ് ആക്ഷേപം. സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് സംസ്ഥാന പോലീസിന്റെ ചുമതലയാണ്. എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത്. കാലാവസ്ഥ സുഖകരമല്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ ഒഴിവാക്കി കാറില്‍ എത്തിയതായിരുന്നു മോദി.

ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം മോദി എത്തുമെന്നാണ് ആദ്യം അറിയിച്ചത്. മഴ സാധ്യതയുള്ളതിനാല്‍ റോഡ് മാര്‍ഗമാക്കി യാത്ര. രണ്ടു മണിക്കൂറിലധികം യാത്ര ചെയ്യേണ്ടിയിരുന്നു. അപ്പോഴാണ് പിന്നീടുള്ള സംഭവങ്ങളുണ്ടായത്. ഫിറോസ്പൂരില്‍ റാലിക്കെത്തുന്ന മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ വീഴ്ച വന്നുവെന്ന ആരോപണം തെറ്റാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വക്താവ് ഡോ. രാജ് കുമാര്‍ വെര്‍ക്ക പറഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ഫിറോസ്പൂരിലെ റാലി മോദി റദ്ദാക്കി. അതേസമയം, ഫിറോസ്പൂരിലെ റാലി നടക്കുന്ന സ്ഥലത്ത് ശക്തമായ മഴ പെയ്തു. കാലിയായി കിടക്കുന്ന കസേരകളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. റാലിക്കെത്തിയവര്‍ കസേരകളും ബാനറുകളും തലയില്‍ വച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മോദി റാലി റദ്ദാക്കാന്‍ കാരണം പരിപാടിക്ക് ആളെത്തില്ലെന്ന് ഉറപ്പായതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഉച്ചയ്ക്ക് 1.30നാണ് റാലി തീരുമാനിച്ചിരുന്നത്. എന്നാല്‍ മോദിക്ക് ഈ സമയം എത്താന്‍ സാധിച്ചില്ല. ശക്തമായ മഴ പെയ്യുകയുമുണ്ടായി. റാലി റദ്ദാക്കിയതായി ബിജെപി നേതൃത്വം പിന്നീട് അറിയിക്കുകയായിരുന്നു. 70000 പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയെങ്കിലും 700 പേര്‍ പോലും വന്നിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
നടന്‍ വിജിലേഷിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കിട്ട് താരം

മോദിയുടെ റാലി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലെന്നും ഒഴിഞ്ഞ കസേരകള്‍ മാത്രമാണുണ്ടായിരുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിഎസ് ശ്രീനിവാസ് ട്വീറ്റ് ചെയ്തു. അദ്ദേഹം ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോദിജി മടങ്ങാനുള്ള കാരണം ഇതാണ് എന്നാണ് അദ്ദേഹം പറയുന്നത്. കര്‍ഷകരെ മോദി ഡല്‍ഹിയില്‍ തടഞ്ഞു. മോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതികരണം.












Click it and Unblock the Notifications