ലോകം വലിയ മാറ്റത്തിലൂടെ കടന്നുപോവുന്നുവെന്ന് പുടിൻ; സമുദ്ര സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കി മോദി
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും, കടുത്ത പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും റഷ്യയുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങളെയും സൂചിപ്പിച്ചു കൊണ്ടുള്ള പരാമർശങ്ങളുമായി വ്ലാദിമിർ പുടിൻ. ലോകം ഇപ്പോൾ ഘടനാപരവും ആഴത്തിലുള്ളതുമായ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്ന് പുടിൻ പറഞ്ഞു.
പുതിയ വളർച്ചാ ശക്തികൾ എന്ന് വിശേഷിപ്പിച്ച രാജ്യങ്ങളും മേഖലകളും പഴയ നേതാക്കൾ എന്ന് വിളിക്കപ്പെട്ടിരുന്ന ശക്തികളെ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ ശനിയാഴ്‌ച നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ.

റഷ്യയും തങ്ങളുടെ പങ്കാളികളും ലോകത്തിന്റെ ഊർജ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സംഭാവന നൽകാൻ തയ്യാറാണെന്ന് പുടിൻ പറഞ്ഞു. ആർട്ടിക് ഗതാഗത ഇടനാഴി, നോർത്ത്-സൗത്ത് ഗതാഗത ഇടനാഴി തുടങ്ങിയ വിശ്വസനീയമായ ചരക്ക് ഗതാഗത മാർഗങ്ങൾ വികസിപ്പിക്കുന്നതിനും റഷ്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഊർജ-ഭക്ഷ്യസുരക്ഷയെക്കുറിച്ചും വിശ്വസനീയമായ ഗതാഗത ഇടനാഴികളെക്കുറിച്ചുമുള്ള പുടിന്റെ പരാമർശങ്ങൾ പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണ്. ബ്രിക്‌സ് അംഗരാജ്യമായ ഇറാനുമായി അമേരിക്ക സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പുടിന്റെ പ്രതികരണം.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ ഭാഗിക അടച്ചിടൽ ആഗോള വിതരണ ശൃംഖലകളെ ബാധിക്കുകയും വിവിധ സമ്പദ്‌വ്യവസ്ഥകളിൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുകയും ഇന്ധനവില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്‌തിട്ടുണ്ട്. അതേസമയം പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ സമുദ്രഗതാഗത സുരക്ഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി.
'കടൽപാതകൾ സുരക്ഷിതമായിരിക്കുകയും വിതരണ മാർഗങ്ങൾ തുറന്നിരിക്കുകയും നാവികർ സുരക്ഷിതരായിരിക്കുകയും ചെയ്‌താൽ മാത്രമേ ആഗോള വ്യാപാരത്തിന് മുന്നേറാൻ കഴിയൂ. നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെയും നാവികരുടെ സുരക്ഷയുടെയും ശക്തമായ പിന്തുണക്കാരാണ് ഇന്ത്യ' എന്നായിരുന്നു മോദി പറഞ്ഞത്.
പുടിനുമായുള്ള കൂടിക്കാഴ്‌ചയിൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകളും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്ന് മോദി വ്യക്തമാക്കി. സമാധാന ശ്രമങ്ങളിൽ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. രണ്ടാഴ്‌ചയ്ക്കു മുമ്പ് ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി പുടിനുമായി കൂടിക്കാഴ്‌ച നടത്തിയപ്പോഴും അവസാനമില്ലാത്ത യുദ്ധത്തിൽ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷങ്ങൾ ഉൾപ്പെടെ പരസ്‌പര താൽപര്യമുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സംഘർഷങ്ങൾ സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.


Click it and Unblock the Notifications
