'കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നു'; രാഹുൽ ഗാന്ധി
സൂറത്ത്: ഗുജറാത്ത് സന്ദർശനത്തിനിടെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതിന്റെ കാരണം പങ്കുവയ്ക്കവെയാണ് രാഹുൽ നേതാക്കൾക്ക് എതിരെ ആഞ്ഞടിച്ചത്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി അഹമ്മദാബാദിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
മോശപ്പെട്ട ആളുകളെ ഒഴിവാക്കുന്നത് പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസം വധിപ്പിക്കുമെന്നാണ് രാഹുൽ പറയുന്നത്. ഗുജറാത്തിലെ ജനങ്ങളുമായി ഒരു നല്ല ബന്ധം കെട്ടിപ്പടുക്കാനും കോൺഗ്രസിന്റെ മറഞ്ഞിരിക്കുന്ന ആത്മവിശ്വാസം പുറത്തു കൊണ്ടുവരാനും താൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുമായി ഒത്തുചേർന്ന് പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് ഗൂഢാലോചന നടത്തുന്നവർ കോൺഗ്രസിൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബിജെപി ഭരണത്തിൽ ഗുജറാത്തിലെ ജനങ്ങൾ ആഗ്രഹിച്ചത് കിട്ടാത്തതിനാൽ പുതിയൊരു ദർശനത്തിനായി അവർ മുറവിളി കൂട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് മുന്നോട്ടുള്ള വഴി കാണാൻ കഴിയുന്നില്ലെന്നും എന്നിട്ടും കോൺഗ്രസിന് അത് കാണിച്ചുതരാൻ കഴിയുന്നില്ലെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 20-30 വർഷമായി ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിന് കഴിയാത്തത് എന്തുകൊണ്ടാണ്? എന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വത്തിലും അണികളിലും രണ്ട് തരം ആളുകളുണ്ട്. ജനങ്ങളോട് സത്യസന്ധത പുലർത്തുന്നവരും, അവർക്കുവേണ്ടി പോരാടുന്നവരും, അവരെ ബഹുമാനിക്കുന്നവരും, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരും ആണ് ഒരുവിഭാഗം; രാഹുൽ പറഞ്ഞു.
മറ്റൊരു വിഭാഗമാവട്ടെ ജനങ്ങളിൽ നിന്ന് അകന്നുപോയതിനാൽ അവരെ ബഹുമാനിക്കുന്നില്ല, അകലെയാണ്, അവരിൽ പകുതിയും ബിജെപിക്കൊപ്പമാണ്; രാഹുൽ പറഞ്ഞു. ജനങ്ങൾക്ക് ബിജെപിയുടെ ഒരു ബി-ടീം വേണ്ട... ഈ രണ്ട് കൂട്ടരെയും തമ്മിൽ വേർതിരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. കോൺഗ്രസിൽ നേതാക്കൾക്ക് ഒരു ക്ഷാമവുമില്ല; കോൺഗ്രസ് എംപി പറയുന്നു.
ഇരുപതോ മുപ്പതോ പേരെ പുറത്താക്കേണ്ടി വന്നാലും ഞങ്ങൾ അത് ചെയ്യും. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അവർക്ക് വേണ്ടി പരസ്യമായി പ്രവർത്തിക്കാൻ നിങ്ങളെ പുറത്താക്കും. അവിടെ നിങ്ങൾക്ക് ഒരു വിലയില്ലെന്ന് നിങ്ങൾ മനസിലാക്കും. തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും തോൽക്കുന്നതും വിട്ടേക്കൂ, മുതിർന്ന നേതാക്കളുടെ സിരകളിലൂടെ കോൺഗ്രസിന്റെ രക്തം ഒഴുകണം; രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications