ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ 'ശുദ്ധീകരണം'; എഫ്‌ഐആര്‍ എവിടെയെന്ന് മോദിയോട് രാഹുല്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചതിന് പിന്നാലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ ശുദ്ധീകരണം നടത്തിയ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദളിത് വിഭാഗക്കാരനായ ഖാര്‍ഗെ പ്രസംഗിച്ചതിന് പിന്നാലെ, ആ സ്ഥലം ശുദ്ധീകരിക്കുന്ന നടപടിയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇത് ഭരണഘടനയും ആര്‍എസ്എസ്-ബിജെപി കാഴ്ചപ്പാടുകളും തമ്മിലുള്ള പോരാട്ടമാണെന്ന് വിശേഷിപ്പിച്ച ഗാന്ധി, തന്റെ പാര്‍ട്ടി അധ്യക്ഷന് നീതി ലഭിക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

'ശുദ്ധീകരണ നടപടി നടത്തിയവര്‍ക്കെതിരെ എത്രയും വേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. താന്‍ എല്ലാ ജാതിക്കാര്‍ക്കും വേണ്ടിയുള്ളയാളാണെന്ന് പ്രധാനമന്ത്രി പറയാറുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡിലെ അദ്ദേഹത്തിന്റെ പാര്‍ട്ടി അധ്യക്ഷന്‍ ശുദ്ധീകരണം നടത്തിയത് ശരിയായ നടപടിയാണെന്നാണ് അവകാശപ്പെട്ടത്. എസ്സി/എസ്ടി നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി ഉത്തരവിടണം,' രാഹുല്‍ പറഞ്ഞു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത് എന്നും ഒരു ദളിത് വ്യക്തി അഭിവൃദ്ധി പ്രാപിക്കുന്നതും അന്തസോടെ ജീവിക്കുന്നതും അവര്‍ക്ക് ഇഷ്ടമല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസാധ്യമായ കാര്യമൊന്നുമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഭരണഘടന പ്രകാരം ഇതൊരു കുറ്റകൃത്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷന് നീതി ലഭിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
അതില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. ഉത്തരാഖണ്ഡില്‍ ഖാര്‍ഗെ ജിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കടമയാണ് എന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ശുദ്ധീകരണ നടപടിയെ ബിജെപി ഉത്തരാഖണ്ഡ് അധ്യക്ഷന്‍ പിന്തുണയ്ക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രധാനമന്ത്രി ഒന്നും പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ആശയധാരയുടെ പ്രതിഫലനമാണ്. ഈ നടപടിയെ ന്യായീകരിച്ചതിലൂടെ ബിജെപി ഉത്തരാഖണ്ഡ് അധ്യക്ഷന്‍ നിയമവിരുദ്ധമായ കാര്യമാണ് ചെയ്തത്. എന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു', രാഹുല്‍ ആരോപിച്ചു. ഇന്ത്യയില്‍ ദളിതര്‍ നേരിടുന്ന അതിക്രമങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിക്കുന്നത്, ഗ്രാമത്തിലെ കിണറ്റില്‍ നിന്നോ ചായക്കടകളില്‍ നിന്നോ വെള്ളം കുടിക്കുന്നതില്‍ നിന്ന് വിലക്കുന്നത്, അവര്‍ക്ക് പ്രത്യേക പാത്രങ്ങള്‍ നല്‍കുന്നത്, വിവാഹ ഘോഷയാത്രകളില്‍ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചി ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷവും സമാനമായ ശുദ്ധീകരണ നടപടി ഉണ്ടായതായി അദ്ദേഹം ആരോപിച്ചു.
'ബിജെപിയും ആര്‍എസ്എസുമാണ് ഇത് ചെയ്യുന്നത്. ഭരണഘടന പ്രകാരം ഇതൊരു കുറ്റകൃത്യമാണ്. ശുദ്ധീകരണം എന്നത് അയിത്തത്തിന്റെ മറ്റൊരു പേരാണ്. അത് നിയമവിരുദ്ധമാണെങ്കിലും ബിജെപി അത് നടപ്പിലാക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഗസ്റ്റ് 8-ന് ഖാര്‍ഗെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം ഓഗസ്റ്റ് 10-ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശുദ്ധീകരണ ചടങ്ങ് നടത്തിയിരുന്നു. ഈ സംഭവം കഴിഞ്ഞ് 20 ദിവസങ്ങള്‍ പിന്നിട്ടിട്ടും എസ്സി/എസ്ടി നിയമപ്രകാരം ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല,' അദ്ദേഹം പറഞ്ഞു.
ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അക്രമങ്ങളും തടയുന്നതിനായി 1995-ലാണ് പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പ്രാബല്യത്തില്‍ വന്നത്. ഇതില്‍ കൂടുതല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉറപ്പാക്കുന്നതിനായി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 'അദ്ദേഹം ഞങ്ങളുടെ അധ്യക്ഷനാണ്, ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് നീതി ലഭിച്ചേ തീരൂ. ഖാര്‍ഗെ ജിക്ക് നീതി ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്,' രാഹുല്‍ പറഞ്ഞു.





Click it and Unblock the Notifications