സഭയിൽ പ്രതിപക്ഷ ശബ്‌ദം അനുവദിക്കണമെന്ന് ഓം ബിർളയോട് രാഹുൽ; അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. പ്രതിപക്ഷ ശബ്‌ദം സഭയിൽ ഉയരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. മുഴുവൻ പ്രതിപക്ഷത്തിന്റെയും ഇന്ത്യ സഖ്യത്തിന്റെയും പേരിൽ അഭിനന്ദനം അറിയിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഓർമ്മപ്പെടുത്തൽ.
പ്രതിപക്ഷത്തിന്റെ ശബ്‌ദം സഭയിൽ ഉയരാൻ അനുവദിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങ് അതിന് അനുവദിക്കും എന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ ശബ്‌ദം പ്രതിനിധീകരിക്കാൻ ഞങ്ങളെ അനുവദിക്കും എന്നാണ് വിശ്വാസം. എത്ര കാര്യക്ഷമമായി സഭ പ്രവർത്തിച്ചു എന്നതല്ല ചോദ്യം, മറിച്ച് ഇന്ത്യയുടെ ശബ്‌ദം എത്രത്തോളം സഭയിൽ ഉയർന്നുവെന്നതാണ്' രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തെ നിശബ്‌ദരാക്കി കൊണ്ട് സഭ നടത്തുക എന്ന ആശയം ജനാധിപത്യപരമല്ല. ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത് എന്തെന്നാൽ രാജ്യത്തെ ജനങ്ങൾ ഇത്തരം സംവിധാനങ്ങൾ എതിർക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു എന്നതാണ്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ നിങ്ങൾ ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്' രാഹുൽ പറഞ്ഞു.
'ജനങ്ങളുടെ ശബ്‌ദത്തിൻ്റെ അന്തിമ വിധികർത്താവ് നിങ്ങളാണ്. സർക്കാരിന് രാഷ്ട്രീയ ശക്തിയുണ്ടാകാം, എന്നാൽ പ്രതിപക്ഷവും ജനങ്ങളുടെ ശബ്‌ദത്തെ പ്രതിനിധീകരിക്കുന്ന ആളുകളാണ്. നിങ്ങളുടെ ജോലിയിൽ നിങ്ങളെ സഹായിക്കാൻ പ്രതിപക്ഷവും ആഗ്രഹിക്കുന്നു' എന്ന് കൂടി രാഹുൽ ഗാന്ധി ഓം ബിർളയോട് പറയുകയുണ്ടായി.
അതേസമയം, സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. 'ബഹുമാനപ്പെട്ട സ്‌പീക്കർ, നിങ്ങൾ രണ്ടാം തവണയും ഈ കസേരയിൽ ഇരിക്കുന്നത് സഭയുടെ ഭാഗ്യമാണ്. ഞാൻ നിങ്ങളെ മുഴുവൻ സഭയുടെ പേരിലും അഭിനന്ദിക്കുന്നു' എന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇന്ന് പാർലമെൻ്റിൽ ഹസ്‌തദാനം നടത്തിയത് ശ്രദ്ധേയമായി. പുതുതായി നിയമിക്കപ്പെട്ട ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ സ്വാഗതം ചെയ്യാൻ ഇരു നേതാക്കളും ഒരുമിച്ച് എത്തിയപ്പോഴായിരുന്നു പരസ്‌പരം ഹസ്‌തദാനം ചെയ്‌തത്.
ശബ്‌ദ വോട്ടോടെയാണ് ഓം ബിർളയെ ലോക്‌സഭാ സ്‌പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് അദ്ദേഹത്തെ തേടി പദവിയെത്തുന്നത്. പ്രധാനമന്ത്രിയാണ് ഓം ബിർളയെ സ്‌പീക്കറായി തിരഞ്ഞെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി.












Click it and Unblock the Notifications