കർഷക സമര നേതാവ് രാകേഷ് ടികായത്തുമായി ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച
ദില്ലി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയില്‍ വെച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. ഒരു വര്‍ഷത്തോളം നീണ്ട കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന നേതാക്കളില്‍ പ്രമുഖനാണ് രാകേഷ് ടികായത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചതായി രാകേഷ് ടികായത് ഇന്ത്യാ ടുഡെയോട് പ്രതികരിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കര്‍ഷകരുടെ മണ്ണിലാണ് സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമുണ്ടാക്കുന്നത്. കര്‍ഷകര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ജമ്മു കശ്മീരിലേയും രാജസ്ഥാനിലേയും കര്‍ഷകരുടെ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തുവെന്നും ടികായത്ത് വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി കര്‍ഷകരുടെ മക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചുവെന്നും കൃഷിയില്‍ അല്ല മറ്റ് ജോലികളിലാണ് പുതിയ തലമുറയ്ക്ക് താല്‍പര്യമെന്നും രാഹുല്‍ പറഞ്ഞതായി ടികായത് പറഞ്ഞു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്ന തരത്തിലുളള നയങ്ങള്‍ രൂപീകരിക്കണം. മിനിമം താങ്ങുവില എന്നത് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി രാകേഷ് ടികായത് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി നടത്തിയത് രാഷ്ട്രീയ കൂടിക്കാഴ്ച അല്ലെന്നും രാകേഷ് ടികായത് പറഞ്ഞു.. സമാനമായ തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കര്‍ഷകരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ ബിജെപി അടക്കം ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായും കൂടിക്കാഴ്ചയ്ക്ക് താന്‍ തയ്യാറാണ്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് താന്‍ രാജ്യമൊട്ടാകെ സഞ്ചരിച്ച് കര്‍ഷകരോട് സംവദിക്കുകയാണ്. കര്‍ഷകര്‍ക്ക് പല പാര്‍ട്ടികളോടായിരിക്കും ആഭിമുഖ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് കര്‍ഷക സംഘടനകള്‍ പറയില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന് എതിരെ കര്‍ഷകര്‍ക്കിടയില്‍ രോഷമുണ്ടെന്നും അത് വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും രാകേഷ് ടികായത് പറഞ്ഞു.












Click it and Unblock the Notifications