ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ അറസ്റ്റിലാവും, ഇപ്പോള്‍ ചെയ്യില്ല, മുന്നറിയിപ്പുമായി ഹിമന്ത
ഗുവാഹത്തി: രാഹുല്‍ ഗാന്ധിക്കെതിരെ അറസ്റ്റ് ഭീഷണിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ. ലോക്‌സഭാ തെരഞ്ഞെടുപ്പ കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്നാണ് ഹിമന്തയുടെ വെല്ലുവിളി. ഇപ്പോള്‍ ഞങ്ങള്‍ രാഹുലിനെതിരെ നടപടിയെടുക്കില്ല. ഇപ്പോള്‍ നടപടിയെടുക്കുകയാണെങ്കില്‍, അതിനെ രാഷ്ട്രീയ നീക്കമെന്ന് എല്ലാവരും പറയുമെന്നും ഹിമന്ത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുലിനെതിരെ അസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കേസ് എടുത്തത്. യാത്ര കാരണം ഗുവാഹത്തിയില്‍ അടക്കം വലിയ പ്രശ്‌നങ്ങളുണ്ടായെന്നും, രാഹുല്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ടെന്നുമാണ് പോലീസിന്റെ ആരോപണം.

കാമാക്ഷ്യ ക്ഷേത്രം അടക്കം രാഹുല്‍ തന്റെ യാത്രയില്‍ സന്ദര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ആകെയുള്ള ലക്ഷ്യം പ്രശ്‌നമുണ്ടാക്കുക മാത്രമാണെന്നും ഹിമന്ത ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് അസമില്‍ പ്രശ്‌നങ്ങളുണ്ടാക്കി, ഞങ്ങളുടെ സമാധാനത്തെ ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആളുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ ഞങ്ങള്‍ പരാജയപ്പെടുത്തിയതാണ്.
അദ്ദേഹത്തിന് വേണ്ടത് എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെയെന്നും ഹിമന്ത പറഞ്ഞു. പ്രത്യേക അന്വേഷണ സമിതി ഞങ്ങള്‍ രൂപീകരിക്കും. ഈ കേസ് അവരാണ് അന്വേഷിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിനെ ഞങ്ങള്‍ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയ നീക്കമെന്ന് അവര്‍ പറയാന്‍ സാധ്യതയുള്ളത് കൊണ്ടാണ് നടപടി ഇപ്പോള്‍ എടുക്കാത്തത്. രാഹുലിനെതിരെ തെളിവുണ്ട്. ഇന്നലെ ഗുവാഹത്തിയില്‍ വലിയൊരു പ്രശ്‌നം ഉണ്ടാകേണ്ടതായിരുന്നു. ആ രീതിയിലാണ് രാഹുല്‍ ജനത്തെ പ്രകോപിപ്പിച്ചതെന്നും ഹിമന്ത പറഞ്ഞു. അതേസമയം ബിജെപിയുടെ അക്രമി സംഘം കഴിഞ്ഞ ദിവസം രണ്ട് തവണ ഭാരത് ജോഡോ യാത്രയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഹിമന്തയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്നും കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുലിനെ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. തുടര്‍ന്ന് രാഹുല്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ച്ചിന് അനുമതിയും പോലീസ് നല്‍കിയിരുന്നില്ല.
നേരത്തെ ഹിമന്തയെയും ബിജെപിയെയും രൂക്ഷമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഹിമന്തയെ അഴിമതിക്കാരന്‍ എന്നാണ് രാഹുല്‍ വിശേിപ്പിച്ചത്. തനിക്കെതിരെ കേസ് എടുത്ത് ഭയപ്പെടുത്താമെന്ന ചിന്ത ഹിമന്ത ശര്‍മയ്ക്ക് എങ്ങനെ ലഭിച്ചെന്ന് അറിയില്ല. എത്ര കേസ് വേണമെങ്കിലം എടുത്തോളൂ. ഇനിയും 25 കേസുകള്‍ കൂടി ഫയല്‍ ചെയ്യട്ടെ.
ബിജെപിക്കും ആര്‍എസ്എസിനും എന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുല്‍ പറഞ്ഞു. അസമില്‍ വലിയ തോതില്‍ അനധികൃതമായ കാര്യങ്ങള്‍ ഹിമന്ത ചെയ്യുന്നുണ്ടെന്നും, രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ശര്‍മയെന്നും രാഹുല്‍ ആരോപിച്ചു.












Click it and Unblock the Notifications