'നരേന്ദർ കീഴടങ്ങൂ എന്ന് ട്രംപ് പറഞ്ഞു, മോദി യെസ് സാർ എന്ന് മറുപടി പറഞ്ഞു'; പരിഹസിച്ച് രാഹുൽ ഗാന്ധി, വിവാദം
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ച വെടിനിർത്തൽ കരാറിൽ എത്താൻ യുഎസ് സമ്മർദ്ദമാണെന്ന ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന് മുന്നിൽ മോദി കീഴടങ്ങിയെന്ന് ആരോപിക്കുന്ന രാഹുലിന്റെ പ്രസ്‌താവന വിവാദമാവുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് എതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു.
കടുത്ത ഭാഷയിലാണ് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ പരിഹസിച്ചത്. ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് മുൻപിൽ മോദി കീഴടങ്ങിയെന്നാണ് രാഹുൽ ആരോപിക്കുന്നത്. ഭോപ്പാലിൽ കോൺഗ്രസിന്റെ സംഗതൻ ശ്രീജൻ അഭിയാന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെയാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഉണ്ടായ വെടിനിർത്തൽ കരാറിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി രാഹുൽ എത്തിയിരിക്കുന്നത്.

'ട്രംപ് അവിടെ നിന്ന് (യുഎസ്) ഒരു ആംഗ്യം കാണിച്ചു, ഫോൺ എടുത്ത് മോദിജി, നിങ്ങൾ എന്താണ് ചെയ്യുന്നത്? നരേന്ദർ കീഴടങ്ങുക എന്ന് ആവശ്യപ്പെട്ടു. മോദിജി അതെ സർ എന്ന് മറുപടിയും പറഞ്ഞു ട്രംപിന്റെ നിർദ്ദേശങ്ങൾ പാലിച്ചു'എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഈ വാക്കുകൾ വലിയ വിവാദത്തിനാണ് വഴിമരുന്നിട്ടത്. രാഹുലിനെതിരെ ഭരണകക്ഷിയായ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
സമ്മർദ്ദത്തിന് മുന്നിൽ ബിജെപിയും ആർഎസ്‌എസും വഴങ്ങുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 'എനിക്ക് ബിജെപി-ആർഎസ്‌എസ് നേതാക്കളെ നന്നായി അറിയാം. ആരെങ്കിലും ഒരു ചെറിയ സമ്മർദ്ദം ചെലുത്തുകയും അതുപോലെ കടുപ്പിച്ച് പെരുമാറുകയും ചെയ്‌താൽ പോലും അവർ ഭയന്ന് ഓടിപ്പോകും' രാഹുൽ ഗാന്ധി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ഉൾപ്പെടെ കേന്ദ്രത്തിനും മോദിക്കും എതിരെ കടുത്ത നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്.
ഇന്ദിരാഗാന്ധിയേയും പ്രസംഗത്തിൽ രാഹുൽ അനുസ്‌മരിച്ചു. 'ഇത്തരത്തിൽ ഫോൺ കോൾ വരാതിരുന്ന കാലം നിങ്ങൾ ഓർക്കുന്നുണ്ടാകും, 1971ലെ യുദ്ധത്തിൽ ഏഴാമത്തെ കപ്പൽപ്പട വന്നു. ആയുധങ്ങൾ വന്നു, വിമാനവാഹിനിക്കപ്പലുകൾ വന്നു, പക്ഷേ ഇന്ദിരാഗാന്ധി പറഞ്ഞത് എനിക്ക് വേണ്ടത് ഞാൻ ചെയ്യും എന്നാണ്. ഇതാണ് വ്യത്യാസം' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
എക്‌സ് പോസ്‌റ്റിലൂടെയും രാഹുൽ തന്റെ നിലപാട് ആവർത്തിച്ചു. 'ട്രംപിന്റെ ഒരു കോൾ വന്നു, നരേന്ദ്ര ജി ഉടൻ കീഴടങ്ങി, ചരിത്രം ഇതിന് സാക്ഷിയാണ്. ഇതാണ് ബിജെപി-ആർഎസ്എസിന്റെ സ്വഭാവം, അവർ എപ്പോഴും തലകുനിക്കുന്നു. അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ 1971ൽ ഇന്ത്യ പാകിസ്ഥാനെ തകർത്തു. കോൺഗ്രസിലെ സിംഹങ്ങളും സിംഹിണികളും വൻശക്തികൾക്കെതിരെ പോരാടി, ഒരിക്കലും തലകുനിച്ചില്ല' അദ്ദേഹം തന്റെ പോസ്‌റ്റിൽ പറയുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ബിജെപി വിവിധ കോണുകളിൽ നിന്ന് ഉയർത്തുന്നത്. പാകിസ്ഥാൻ ഏജന്റ് എന്നാണ് രാഹുൽ ഗാന്ധിയെ ബിജെപി വിശേഷിപ്പിച്ചത്. സർക്കാരിനെ പിന്തുണച്ച ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രാഹുലിനെ മര്യാദയില്ലാത്തവനെന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യക്കാർ രാഹുലിനെ പാകിസ്ഥാന്റെ ഏജന്റ് ആയിട്ടാണ് കാണുന്നതെന്നും ഭണ്ഡാരി ആരോപിച്ചു. പാകിസ്ഥാന് വേണ്ടി ഹൃദയം തുടിക്കുന്ന രാഹുലിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കണ്ടൂ എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, പാക് ഭീകരവാദികൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകിയെന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
അതിനിടെ ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലോടെയാണ് അയവ് വന്നത്. ഇതിലാവട്ടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം അവകാശവാദങ്ങളുമായി രംഗത്ത് വരുന്നുമുണ്ട്. യുഎസ് മധ്യസ്ഥതയിലാണ് വെടിനിർത്തൽ ഉണ്ടായതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യയാവട്ടെ ഇത് തള്ളുകയും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയിലൂടെ എടുത്ത തീരുമാനം ആണെന്നുമാണ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications