'പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു?'; വിദ്യാർഥികൾക്ക് എതിരായ നടപടിയിൽ ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനെതിരെ പോലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പോലീസിന്റെ മർദനത്തിന് ഇരയായ വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പ്രധാനമന്ത്രി എന്തുകൊണ്ടാണ് മിണ്ടാത്തത്? പോലീസിന്റെ മർദനത്തിന് ഇരയായ വിദ്യാർഥികളോട് അദ്ദേഹം ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ല. അദ്ദേഹം പ്രതികരിക്കുകയും ഈ നടപടികൾ അവസാനിപ്പിക്കുകയും വേണം' രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പിന്നീട് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലെത്തി പരിക്കേറ്റ പ്രതിഷേധക്കാരെ സന്ദർശിച്ചു.

rahul gandhi

ലോക്‌സഭ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് സ്‌പീക്കർ ഓം ബിർളയെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ എംപിമാർക്കൊപ്പം ഇന്ന് ലോക്‌സഭ സ്‌പീക്കറെ കണ്ടു. ഇന്നലെ വിദ്യാർഥികൾക്കെതിരെ നടന്ന പോലീസ് നടപടിയെയും പരീക്ഷാ പ്രതിസന്ധിയിൽ സർക്കാരിന്റെ ഉത്തരവാദിത്തക്കുറവിനെയും കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച വേണമെന്നാണ് ഞങ്ങളുടെ ആവശ്യം; രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

സ്വന്തം ഭാവിയെക്കുറിച്ച് ന്യായമായ ചോദ്യങ്ങൾ ചോദിച്ചതിനാണ് വിദ്യാർഥികളെ മർദിച്ചതെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ഇന്ത്യയുടെ യുവജനങ്ങളുടെ ഭാവിയെക്കുറിച്ച് പോലും പാർലമെന്റിൽ ചർച്ച ചെയ്യാൻ കഴിയില്ലെങ്കിൽ, പിന്നെ പാർലമെന്റിന്റെ ഉദ്ദേശ്യം എന്താണ്? എന്നും ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിന് പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ധർണ നടത്തുകയും ചെയ്‌തിരുന്നു.

വയനാട് എംപിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വദ്ര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.

പ്രിയങ്ക ഗാന്ധിയും നേരത്തെ വിദ്യാർഥികൾക്ക് എതിരായ പോലീസ് നടപടിയിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു. വിദ്യാർഥികളും അവരുടെ കുടുംബങ്ങളും നല്ലൊരു ഭാവിക്കായി വലിയ ത്യാഗങ്ങളാണ് സഹിക്കുന്നതെന്നും, അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത് തീർത്തും അപലപനീയമാണ്. ഇവർ ചെറുപ്പക്കാരാണ്, ഇവർ നേരിടുന്ന പ്രശ്‌നം യഥാർത്ഥമാണെന്നും പ്രിയങ്ക പറഞ്ഞു.

അത് എന്താണെന്ന് എല്ലാവർക്കും അറിയാം. പഠനത്തിനായി മാതാപിതാക്കൾ പണം ചെലവഴിക്കുകയും പലപ്പോഴും വായ്‌പയെടുക്കുകയും ചെയ്യുന്നു. കോച്ചിങ് സെന്ററുകളിൽ പോകേണ്ടിവരുന്നു, നിരവധി ബുദ്ധിമുട്ടുകൾ സഹിക്കുന്നു. നല്ലൊരു ഭാവി പ്രതീക്ഷിച്ചാണ് അവർ ഇതെല്ലാം ചെയ്യുന്നത്. എന്നാൽ ആ ഭാവിയുടെ പ്രതീക്ഷയാണ് ഇപ്പോൾ തകർക്കപ്പെടുന്നത്; പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ഇത് വർഷങ്ങളായി നിലനിൽക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് വളരെ ആഴത്തിലുള്ള പ്രശ്‌നമാണ്. നിരവധി വർഷങ്ങളായി ഈ വിഷയം നിലനിൽക്കുകയാണ്. ഇതിനെക്കുറിച്ച് ഞങ്ങൾ വർഷങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. വിദ്യാർഥികൾക്ക് എതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്‌ത കോൺഗ്രസിന്റെ നിലപാടിന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഡൽഹി പോലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ കേരള മുഖ്യമന്ത്രി വിഡി സതീശനും പ്രതിഷേധിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ജനപ്രതിനിധികൾക്കെതിരെ ഡൽഹി പോലീസ് സ്വീകരിച്ച നടപടി പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് നിരത്തിൽ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പോലീസ് തടഞ്ഞതും നിരവധി എംപിമാർക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാവില്ലെന്നും വിഡി സതീശൻ പറഞ്ഞു.

വിദ്യാർഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്‌തത്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+