'ബിരേൻ സിംഗ് മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കി'; രാജി വയ്ക്കാൻ കാരണം പൊതുജന സമ്മർദ്ദമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജിവെച്ച മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. കടുത്ത പൊതുജന സമ്മർദ്ദവും കോൺഗ്രസിന്റെ അവിശ്വാസ പ്രമേയമാവുമാണ് ബീരേൻ സിംഗ് പടിയിറങ്ങാൻ കാരണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് അദ്ദേഹം മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കിയെന്നും ആരോപിച്ചു.
"മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി കാണിക്കുന്നത് വർധിച്ചുവരുന്ന പൊതുജന സമ്മർദ്ദവും സുപ്രീം കോടതി അന്വേഷണവും കോൺഗ്രസിന്റെ അവിശ്വാസ പ്രമേയവും മൂലം കടുത്ത തീരുമാനത്തിന് നിർബന്ധിതരായി എന്നാണ്" രാഹുൽ ഗാന്ധിയുടെ എക്‌സ് പോസ്‌റ്റിൽ പറയുന്നു. ബീരേൻ സിംഗ് രാജി പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് രാഹുലിന്റെ പ്രതികരണം.

'രണ്ട് വർഷത്തോളം ബിജെപി മുഖ്യമന്ത്രി ബീരേൻ സിംഗ് മണിപ്പൂരിൽ വിഭജനത്തിന് പ്രേരിപ്പിച്ചു. മണിപ്പൂരിലെ അക്രമവും ജീവഹാനിയും ഇന്ത്യ എന്ന ആശയത്തിന്റെ തകർച്ചയും നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്ഥാനത്ത് തുടരാൻ അനുവദിച്ചു.' രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. നേരത്തെയും മണിപ്പൂർ കലാപത്തിൽ കോൺഗ്രസ് ബീരേൻ സിംഗിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു.
ഇന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് ഗവർണർ അജയ് ഭല്ലയ്ക്ക് രാജിക്കത്ത് കൈമാറിയത്. കലാപം ആരംഭിച്ചിട്ട് രണ്ട് വർഷം പിന്നിടുമ്പോഴാണ് രാജി ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ബീരേൻ സിംഗിന്റെ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സാഹചര്യങ്ങൾ നിലവിലുണ്ടെങ്കിലും അതിനപ്പുറമുള്ള വെല്ലുവിളികളാണ് സംസ്ഥാനത്തെ ബിജെപി നേരിടുന്നത്. ബീരേൻ സിംഗിന്റെ നേതൃത്വത്തിൽ കടുത്ത എതിർപ്പുള്ള ഒരു വിഭാഗം എംഎൽഎമാർ പാർട്ടി വിപ്പ് അവഗണിച്ചുകൊണ്ട് അവിശ്വാസ പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്തുമോ എന്ന ഭയമാണ് ബിജെപിയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്നതാണ് യാഥാർഥ്യം.
പന്ത്രണ്ടിൽ അധികം എംഎൽഎമാർ ബീരേൻ സിംഗിന്റെ പ്രവർത്തനത്തിൽ അതൃപ്‍തിയുള്ളവരാണ് എന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് തിരക്കിട്ട നീക്കമുണ്ടായത്. നേരത്തെ കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജെപി നദ്ദ എന്നിവരുമായി ബീരേൻ സിംഗ് ഡൽഹിയിൽ കുടിക്കാഴ്ച്ച നടത്തിയിരുന്നു.
അതേസമയം, ബീരേൻ സിംഗിന് വെല്ലുവിളിയാവുന്ന വേറെയും കാര്യങ്ങൾ നിലവിലുണ്ട്. അടുത്തിടെ മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ചില ശബ്‌ദ രേഖകൾ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച പരാതി സുപ്രീം കോടതിയിൽ വന്നതോടെ ഇവയുടെ ആധികാരികത പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതും അദ്ദേഹത്തിന് തിരിച്ചടിയായ ഘടകമാണ്.
അതിനിടെ നാളെ സമ്മേളനം നാളെ നടക്കാനിരുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഇനി അതല്ലെങ്കിൽ പുതിയ മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യവും കൂടുതലായി ഉയരുന്നുണ്ട്.












Click it and Unblock the Notifications