രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അവസാനിക്കും: പ്രതിപക്ഷ ഐക്യത്തിന് വേദിയാവും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് പര്യവസാനം. മുംബൈയിലാണ് യാത്രയുടെ സമാപനം. അതേസമയം സമാപന വേദി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാവുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നിരയില്‍ സുപ്രധാന കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മാസം മുമ്പ് മണിപ്പൂരില്‍ നിന്നാഅണ് ഭാരത് ജോഡോ യാത്ര 2.0 ആരംഭിച്ചത്.
6700 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര മുംബൈയിലെത്തിയത്. അതേസമയം കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ഇല്ലാത്തത് കൊണ്ട് ഇതുവരെ പ്രചാരണത്തിലേക്ക് ശക്തമായി കടന്നിട്ടില്ല. ഇത് പാര്‍ട്ടിയുടെ പല മുന്നൊരുക്കങ്ങളെയും താളം തെറ്റിക്കുന്നുണ്ട്. ഇതെല്ലാം രാഹുലിന്റെ യാത്ര കാരണം സംഭവിച്ചതാണെന്ന് വിമര്‍ശനവുമുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കും. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് യാത്രയുടെ സമാപനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, ശരത് പവാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പയ് സോറന്‍ എന്നിവരും ഈ ചടങ്ങില്‍ പങ്കെടുക്കും.
രാഹുലിന്റെ യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയാവും. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന സന്ദേശവും ഇതിലൂടെ നല്‍കുകയാണ് ലക്ഷ്യമിടുന്നത്. പ്രചാരണത്തിലേക്ക് കടക്കും മുമ്പ് ഇത്തരമൊരു സന്ദേശം ജനങ്ങളിലെത്തിക്കേണ്ടതും പ്രതിപക്ഷത്തിന് ആവശ്യമാണ്.
അതേസമയം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചടങ്ങിലുണ്ടാവും. സമാപന റാലിക്ക് മുമ്പായി മഹാരാഷ്ട്ര സഖ്യത്തിലെ മറ്റ് നേതാക്കളെ സോണിയാ ഗാന്ധി കാണുമെന്നും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഇന്നലെ മുംബൈയില്‍ എത്തിയിട്ടുണ്ട്. അവര്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്.
സമാപന ചടങ്ങില്‍ അവരും പങ്കെടുക്കും. ഇന്ന് ഭാരത് ജോഡോ യാത്ര സമാപിക്കുകയാണ്. ഞങ്ങള്‍ അതില്‍ സന്തോഷത്തിലാണ്. രാഹുല്‍ ഗാന്ധി ഈ യാത്ര നടത്തിയത് ഈ രാജ്യത്തെ സാഹചര്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ജനുവരി പതിനാലിനാണ് യാത്ര ആരംഭിക്കുന്നത്. ഇതിനോടകം നൂറിലധികം ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. പതിനഞ്ചോളം സംസ്ഥാനങ്ങളിലായിട്ടാണ് ഇത്രയും മണ്ഡലങ്ങള്‍ ഉള്ളത്. അസം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഇതില്‍ വരും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് യാത്ര പ്രഖ്യാപിച്ചത്. നേരത്തെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുലിന്റെ യാത്ര വലിയ വിജയമായിരുന്നു. തെലങ്കാനയിലും കര്‍ണാടകയിലും പാര്‍ട്ടി നേടിയ വിജയങ്ങളുടെ ക്രെഡിറ്റ് ഈ യാത്രയ്ക്കാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications