എഐസിസിയെ നയിക്കാന്‍ രാഹുലിന്റെ 'ഡമ്മി അധ്യക്ഷനോ': സമ്മർദ്ദ നീക്കവുമായി ഗ്രൂപ്പുകള്‍
ദില്ലി: ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ എ ഐ സി സി അധ്യക്ഷനാകുമെന്ന് വ്യക്തമായതോടെ നേതാക്കള്‍ക്കായി സമ്മർദ്ദ നീക്കങ്ങളുമായി വിവിധ ഗ്രൂപ്പുകള്‍. പാർട്ടിയെ നയിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെ സാധ്യതകള്‍ തുറന്നിട്ടത്.
ആരോഗ്യസ്ഥിതിയെ തുടർന്ന് ഇനിയും അധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയെങ്കിലും ചുമതലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സോണിയ ഗാന്ധി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ നേരില്‍ കണ്ട സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എ ഐ സി സിയുടെ തലപ്പത്തേക്കുള്ള ക്ഷണം അദ്ദേഹവും തയ്യാറായില്ല. അടുത്ത വർഷം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിലാണ് അദ്ദേഹത്തിന്റെ പിന്മാറ്റമെന്നാണ് സൂചന.

ഇതോടെയാണ് മുതിർന്ന പാർട്ടി നേതാക്കളായ അംബികാ സോണി, മുകുൾ വാസ്‌നിക്, മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ, കമൽ നാഥ് എന്നിവരുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് വന്നത്. ഇവർക്കായി സമ്മർദ്ദ ഗ്രൂപ്പുകളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കെ അധ്യക്ഷനെ എത്രയും പെട്ടെന്ന് കണ്ടത്തേണ്ടതുണ്ടെങ്കിലും പ്രഖ്യാനം ഇനിയും വൈകിയേക്കുമെന്ന കാര്യം വ്യക്തമാണ്.

ഗാന്ധി കുടുംബത്തില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും ഇല്ലെങ്കില്‍ ഒന്ന് മത്സരിച്ച് നോക്കാമെന്ന് തന്നെയാണ് ഭൂരിപക്ഷം നേതാക്കളുടേയും നിലപാട്. രാഹുലിന്റെ വിശ്വസ്തർ ഉൾപ്പെടുന്ന ക്യാമ്പ് ഉള്‍പ്പടെ നിരവധി ക്യാമ്പുകള്‍ ഇതിനായി രൂപപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാഹുല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരില്ലെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു അധ്യക്ഷനെ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയിലും ചില സംസ്ഥാന യൂണിറ്റുകൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ സെപ്റ്റംബർ 20 ന് അവസാനിക്കേണ്ടിയിരുന്ന അധ്യക്ഷ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ വൈകാൻ സാധ്യതയുണ്ടെന്ന് പാർട്ടി നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു
തിരഞ്ഞെടുപ്പ് തീയതികളുടെ ഷെഡ്യൂൾ അംഗീകരിക്കുന്നതിനായി പാർട്ടിയുടെ ഏറ്റവും ഉയർന്ന ബോഡിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) ഞായറാഴ്ച പ്രത്യേക യോഗവും ചേരുന്നുണ്ട്.

യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ഈ വർഷം ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിൽ പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications